തലച്ചോറിലെ ചിന്തകള്‍ കമ്പ്യൂട്ടറില്‍;മനുഷ്യമസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ചു,ആദ്യഘട്ടം വിജയം
സാന്‍ഫ്രാന്‍സിസ്‌കോ:ന്യൂറാലിങ്കിന്റെ ചിപ്പ് ഒടുവിൽ വിജയകരമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചു. ഏറെ പരീക്ഷണങ്ങൾക്ക് ശേഷമാണ് എലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചിരിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് മസ്ക് അറിയിച്ചു.
പുറത്തുവരുന്ന ആദ്യത്തെ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് മസ്ക് അറിയിച്ചു. തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത് അതിലൂടെ ചെറിയ കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. തലച്ചോറും കമ്പ്യൂട്ടറുമായി ലിങ്ക് ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഈ സംവിധാനത്തിനു ഭാവിയിൽ പല ഉദ്ദേശലക്ഷ്യങ്ങളും, ഉണ്ടെങ്കിലും ന്യൂറാലിങ്കിന്റെ തുടക്ക ഘട്ടം, ശരീരം തളർന്നു പോയവർക്കും, കാഴ്ചശക്തിയില്ലാത്തവർക്കുമൊക്കെ തുണയാകുമോ എന്നറിയാനുള്ള ശ്രമമാണ് നടക്കുന്നത്.
നിലവിൽ പന്നികളിലും കുരങ്ങുകളിലുമാണ് ടെസ്റ്റ് നടത്തിയത്. മനുഷ്യന്റെ തലച്ചോറും മൈക്രോചിപ്പും തമ്മിൽ ബന്ധിപ്പിച്ച് രോഗാവസ്ഥകളെ മറികടക്കാൻ സഹായിക്കുമോ എന്നറിയാനാണ് ശ്രമം. ഒരാളുടെ തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകൾ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത്ത് ഉപയോഗിച്ചു കണക്ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. അങ്ങനെ സ്വന്തം ചിന്ത മാത്രം ഉപയോഗിച്ച് ഒരു കംപ്യൂട്ടർ കേഴ്‌സർ (cursor) അല്ലെങ്കിൽ കീബോഡ് നിയന്ത്രിക്കാനാകുമോ എന്നറിയാനും ഈ പരീക്ഷണത്തിലൂടെ ശ്രമം നടക്കുന്നുണ്ട്.
ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. ഇതിന്റെ ഫണ്ടിങ് മുഴുവൻ മസ്‌കിന്റെതാണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഉള്ളത്.
ചിന്തകളെപ്പോലും അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും വരെ ശേഷി ആർജ്ജിച്ചേക്കുമെന്നു കരുതുന്ന ‘ന്യൂറൽ ലെയ്‌സ്’ ടെക്‌നോളജി അടക്കമാണ് പുതിയ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫെയ്‌സിന്റെ സാധ്യതയായി കാണുന്നത്. മനുഷ്യരുടെ ചരിത്രത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പരീക്ഷണമാണിതെന്നും ഒരുവിഭാഗം ആശങ്കയുയർത്തുന്നു.