CrimeKeralaNews

മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി ‘ചൈന വൈറ്റ് ‘ ഹെറോയിനുമായി കൊച്ചിയില്‍ പിടിയില്‍,ചൈനാ വൈറ്റിന്റെ വില 2 ഗ്രാമിന് 2000 രൂപ

ആലുവ: കേരളത്തിലേയ്ക്ക് വന്‍തോതില്‍ മയക്ക് മരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി.പശ്ചിമ ബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശി ഇംദാദുള്‍ ബിശ്വാസ് എന്നയാളാണ് അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിനുമായി പിടിയിലായത്. ഇയാളില്‍ നിന്ന് 6 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ചൈന വൈറ്റ് ഇനത്തില്‍പ്പെട്ട ഈ ഹെറോയിന് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ ഡിമാന്റാണ് ഉള്ളത്. കൊച്ചിലെ ഡി ജെ പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ മുന്‍കൂട്ടിയുള്ള ഓഡര്‍ പ്രകാരമാണ് ഇയാള്‍ ഈ മയക്ക് മരുന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്നത്. ഈ ഇനത്തില്‍പ്പെട്ട 5 ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇയാള്‍ ഇടനിലക്കാര്‍ വഴി മൊത്തമായാണ് പ്രധാനമായും ഇത് വില്‍പ്പന നടത്തുന്നതെങ്കിലും, 2 മില്ലി ഗ്രാം ഹെറോയിന്‍ അടങ്ങുന്ന പാക്കറ്റ് 2000 രൂപ നിരക്കില്‍ ആലുവ, മാറമ്പിള്ളി ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്തിവന്നിരുന്നതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു. ബംഗാളിലെ ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ ജലംഗി എന്ന സ്ഥലത്ത് നിന്നാണ് ഇയാള്‍ ഈ മയക്ക് മരുന്ന് വന്‍ തോതില്‍ കേരളത്തിലേയ്ക്ക് എത്തിച്ചിരുന്നത് എന്നാണ് എക്‌സൈസ് പറയുന്നത്. വെറും മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ഇതിന്റെ രാസ ലഹരി നിലനില്‍ക്കുന്നു. എന്നാല്‍ ഇതിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും , ശ്വാസകോശം , വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും, തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ തടസ്സപ്പെടുവാനും മരണം സംഭവിക്കാനും ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൊച്ചിലെ ലഹരി മാഫിയ സംഘങ്ങള്‍ ആലുവ ഒരു ഇടത്താവളമാക്കി മാറ്റുന്നത് മുന്നില്‍ കണ്ട് കൊണ്ട് അതിനെതിരെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി ഡെപ്യൂട്ടി കമ്മീഷണര്‍ എ എസ് രഞ്ജിത്തിന്റെ മേല്‍ നോട്ടത്തില്‍ ആലുവ എക്‌സൈസ് റേഞ്ചില്‍ രൂപികരിച്ചിട്ടുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഷാഡോ സംഘത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലുവയ്ക്കടുത്ത് മാറമ്പിളളിക്ക് സമീപം ഇയാള്‍ ഹെറോയിന്‍ നല്‍കുന്നതിന് വേണ്ടി ഇടനിലക്കാരനെ കാത്ത് നില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ സംഘം ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഒരു തവണ ഹെറോയിന്‍ ഉപയോഗിച്ചാല്‍ പിന്നെ അതില്‍ നിന്ന് മോചനം നേടുന്നത് വളരെ പ്രയാസകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആയതിനാല്‍ ഇയാളില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ച വിദ്യാര്‍ത്ഥികളേയും യുവാക്കളേയും കണ്ടെത്തി എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ എത്തിച്ച് ചികില്‍സ നല്‍കുന്ന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ടി. കെ. ഗോപിയുടെ നേതൃത്വത്തില്‍ ഷാഡോ ടീമംഗങ്ങളായ എന്‍.ഡി. ടോമി, എന്‍.ജി. അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സിയാദ്, എക്‌സൈസ് ഡ്രൈവര്‍ സുനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker