InternationalNews

തായ്‌വാനെ ചുറ്റി ചൈനയുടെ യുദ്ധവിമാനങ്ങൾ, പടക്കപ്പലുകൾ; ആക്രമണപരിശീലനം യുദ്ധഭീതി

തായ്‌പേയ്: തയ്‌വാനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈനികപരിശീലനങ്ങള്‍ നടത്തി ചൈന. തയ്‌വാന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പരിശീലനങ്ങള്‍ നടത്തിവരുന്നതായി ചൈന അറിയിച്ചു. അതിനായി എച്ച്-6കെ പോർവിമാനങ്ങളിൽ യുദ്ധസജ്ജമായ പടക്കോപ്പുകളാണ് ഉപയോഗിക്കുന്നതെന്നും ചൈന വ്യക്തമാക്കി. ഷാദോങ് വിമാനവാഹിനിക്കപ്പലുകളും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ചൈന പറയുന്നു.

വ്യോമാഭ്യാസത്തിന് പുറമേ, നാവിക വിഭാഗവും തയ്‌വാനു ചുറ്റും സൈനികാഭ്യാസം തുടരുന്നുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡാണ് സൈനികാഭ്യാസത്തിന് നേതൃത്വം നല്‍കുന്നത്. ആണവായുധം ഉപയോഗിക്കാന്‍ കഴിയുന്ന എച്ച്- 6കെ യുദ്ധവിമാനങ്ങളാണ് ചൈന വിന്യസിക്കുന്നത്.

തങ്ങളുടെ അതിര്‍ത്തിക്ക് ചുറ്റും 70 യുദ്ധവിമാനങ്ങള്‍ ചൈന വിന്യസിച്ചതായി തയ്‌വാന്‍ അറിയിച്ചു. ഇതില്‍ 35 വിമാനങ്ങള്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതായി തയ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്ങ് വെന്‍ അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി ലോസ് ആഞ്ജലിസില്‍ ചര്‍ച്ചനടത്തിയതില്‍ പ്രതിഷേധിച്ചാണ് ചൈന മൂന്ന് ദിവസത്തെ സൈനികാഭ്യാസം പ്രഖ്യാപിച്ച്. അഭ്യാസം അവസാനദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ചൈന പ്രകോപനം ശക്തമാക്കിയത്.

റിപ്പബ്ലിക്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന തയ്‌വാന്‍ സ്വന്തമായി ഭരണഘടനയും ജനാധിപത്യരീതയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമുള്ള രാജ്യമാണ്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ല. തയ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നും തയ്‌വാന്റെ ഭൂപ്രദേശത്തിന് മുകളില്‍ തങ്ങള്‍ക്കാണ് അവകാശമെന്നും ചൈന അവകാശപ്പെടുന്നു.

ഇതാണ് തയ്‌വാനുമായി ചൈനയുടെ നിരന്തര ഏറ്റുമുട്ടലിന് ഇടയാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിച്ചപ്പോഴും ചൈന തയ്‌വാനു ചുറ്റും പ്രകോപനം സൃഷ്ടിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker