വിജയിയുടെ പിറന്നാൾ ആഘോഷം അതിരുകടന്നു; കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു
ചെന്നൈ: നടൻ വിജയിയുടെ പിറന്നാൾ ആഘോഷത്തിനിടെ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ചെന്നൈയിലെ നീലംഗരൈയിലാണ് സംഭവം. അടുത്തിടെ വിജയ് ആരംഭിച്ച തമിഴക വെട്രി കഴകത്തിന്റെ നേതൃത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെ ആയിരുന്നു അപകടം. കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് തീ പടര്‍ന്ന് പിടിക്കുക ആയിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. കരാട്ടെയില്‍ പരിശീലനം നേടിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. മണ്ണെണ്ണ അധികമായതിനാല്‍ കുട്ടിയുടെ കയ്യിൽ നിന്നും പെട്ടെന്ന് വസ്ത്രത്തിലേക്കും തീ പിടിച്ചു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ചിലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍ തന്നെ തീ അണച്ച് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി. കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വിജയ് നേരത്തെ നിര്‍ദേശിച്ചിരുന്നു.
അതേസമയം, ദ ഗോട്ട് ആണ് വിജയിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ പേര്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. യുവൻ ശങ്കര്‍ രാജയുടെ സംഗീതത്തിലുള്ള ദ ഗോട്ടിന്റെ അപ്‍ഡേറ്റിനായി അധികം കാത്തിരിക്കേണ്ടേന്ന് വെങ്കട് പ്രഭു വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തില്‍ ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.