കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് ആറു മാസം പ്രായമായ പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ ദേഹത്ത് പൊള്ളല്‍ ഏല്‍പിച്ചു. കുട്ടിക്ക് ക്രൂരമര്‍ദ്ദനം ഏറ്റെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് ശിശുക്ഷേമ സമിതിയും പോലീസും എത്തിയിട്ടുണ്ട്. നിലവില്‍ അവര്‍ ഇവിടെ പരിശോധന നടത്തുകയാണ്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് കുഞ്ഞിനെ മാതാപിതാക്കള്‍ ഉപദ്രവിക്കുന്നു എന്ന് സംബന്ധിച്ച് ഞങ്ങള്‍ക്ക് അറിയിപ്പ് കിട്ടിയത്. ഒരു മാസം മുന്‍പും കുഞ്ഞിനെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് മനസ്സിലാക്കിയ ആശാവര്‍ക്കര്‍മാരും തൃപ്പൂണിത്തുറ നഗരസഭയുടെ കൗണ്‍സിലര്‍മാരും ഇവിടെയെത്തി പരിശോധിച്ചു. അപ്പോള്‍ കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. കഴുത്ത് ജീര്‍ണിച്ച് ശരീരമാസകലം പരുക്ക് പറ്റിയ അവസ്ഥയിലായിരുന്നു. അപ്പോള്‍ തന്നെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ അന്ന് ഒരു മാസത്തോളം ചികിത്സിച്ചു. കുഞ്ഞിന്റെ അസുഖമൊക്കെ ഭേദമായിട്ടാണ് വീണ്ടും വീട്ടിലെത്തിച്ചത്.
പക്ഷേ, രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് കുഞ്ഞിനെ അവര്‍ എടുത്തെറിഞ്ഞു. നാട്ടുകാര്‍ ശബ്ദം കേട്ട് വന്നെങ്കിലും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഞങ്ങള്‍ വന്ന് പരിശോധിച്ചത്. കുഞ്ഞിനെ എടുത്തെറിഞ്ഞു എന്ന് തന്നെയാണ് അമ്മ പറഞ്ഞത്. അവര്‍ ഭയന്ന് ഇരിക്കുകയാണ്. ഈ കുഞ്ഞിനെ മാത്രമാണ് മര്‍ദ്ദിക്കുന്നത്. മൂത്ത ഒരു പെണ്‍കുട്ടിയുണ്ട്. ആ കുട്ടിയോട് സ്‌നേഹം കാണിക്കാറുണ്ട് എന്നാണ് പറഞ്ഞതെങ്കിലും ആ കുട്ടിക്കും മര്‍ദ്ദനം ഏല്‍ക്കാറുണ്ട്. അച്ഛന്‍ ഇവിടെ കിടന്ന് ഉറങ്ങുകയാണ്. ഒന്നും പറയാന്‍ തയ്യാറാവുന്നില്ല. ഞങ്ങള്‍ ഇപ്പോള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് ശിശുക്ഷേമ സമിതി പറയുന്നു.
രണ്ട് ദിവസം മുന്‍പ് പോലീസ് അന്വേഷിച്ചപ്പോഴും ഇന്നലെ ഞങ്ങള്‍ അന്വേഷിച്ചപ്പോഴും കുഞ്ഞിനെ അച്ഛന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് അമ്മ പറഞ്ഞത്. ആദ്യം കുട്ടിയെ കാണുമ്പോള്‍ കഴുത്തിലും അരയിലുമൊക്കെ മുറിഞ്ഞ് ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞപ്പോള്‍ മരുന്ന് ഇരിപ്പുണ്ടെന്ന് ഇവര്‍ അറിയിച്ചു. പിറ്റേന്ന് ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. കുഞ്ഞിനെ എടുത്തെറിഞ്ഞു എന്നറിഞ്ഞ് വന്നപ്പോള്‍ അവര്‍ സത്യം പറഞ്ഞില്ല. അമ്മ ദേഷ്യപ്പെട്ടു ആശാവര്‍ക്കര്‍മാര്‍ പറയുന്നു.