കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജിന്‍റെ പേര് അച്ചടിച്ച നോട്ടീസിനെ ചൊല്ലി വിവാദം. തന്‍റെ അനുവാദമില്ലാതെയാണ് പോപ്പുലര്‍ ഫ്രണ്ട് നോട്ടീസ് അച്ചടിച്ചതെന്നാണ് എന്‍ ജയരാജിന്‍റെ വാദം. എന്നാല്‍ മുഖ്യമന്ത്രിയെ പ്രീണിപ്പിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ ജയരാജ് പങ്കെടുക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന ‘നാട്ടൊരുമ’ എന്ന പരിപാടിയുടെ നോട്ടീസിലാണ് ഉദ്ഘാടകനായിട്ടാണ് സര്‍ക്കാര്‍ ചീഫ് വിപ്പും കാഞ്ഞിരപ്പിള്ളി എംഎൽഎയുമായ എന്‍ ജയരാജിന്‍റെ പേര് ഉളളത്. സെപ്റ്റംബർ 2,3,4 തീയതികളിൽ നടക്കുന്ന പരിപാടയിലാണ് ഉദ്ഘാടകനായി എൻ ജയരാജനെ ഉള്‍പ്പെടുത്തി നോട്ടീസ് അച്ചടിച്ചത്. സമീപകാലത്തുണ്ടായ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ ഇടതുമുന്നണി നേതാക്കള്‍ തന്നെ വിമര്‍ശിക്കുന്നതിനിടെയാണ് പിഎഫ്ഐ പരിപാടിയുടെ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പിന്‍റെ പേര് നോട്ടീസില്‍ വന്നത്. സംഭവം യാദൃശ്ചികമല്ലെന്നാണ് ബിജെപി വിമര്‍ശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ളവര്‍ നോട്ടീസിന്‍റെ ചിത്രം ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍, തന്‍റെ അനുമതി ഇല്ലാതെയാണ് നോട്ടീസില്‍ തന്‍റെ പേര് വച്ചതെന്ന് എന്‍ ജയരാജ് വിശദീകരിച്ചു. ‘നാട്ടൊരുമ’ പരിപാടിക്ക് എന്ന പേരിലാണ് പരിചയമുള്ള ഒരാൾ വിളിച്ചത്. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിന്‍റെ പരിപാടിയാണ് എന്നറിഞ്ഞപ്പോള്‍ തന്നെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു എന്നാണ് എന്‍ ജയരാജ് പറയുന്നത്. പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടും എങ്ങിനെയാണ് തന്‍റെ പേര് നോട്ടീസില്‍ വന്നതെന്ന് അറിയില്ലെന്നുമാണ് ജയരാജിന്‍റെ വാദം. ഇപ്പോൾ എന്താണ് ഇത് പ്രചരിപ്പിക്കാൻ കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.