തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ഉന്നയിച്ച് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് പ്രതിപക്ഷ നേതാവ് പരാതി നല്‍കി.
ഫെബ്രുവരി നാല്, ആറ് തീയതികളില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിയോ പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റോ മാത്രമേ സര്‍ക്കാരിന്റെ പുതിയ നയത്തെയോ പരിപാടിയേയോ പറ്റി സംസാരിക്കാവൂ എന്നതാണ് അംഗീകൃത കീഴ് വഴക്കം. മുഖ്യമന്ത്രി ഇത് ലംഘിച്ചിരിക്കുകയാണെന്നും ചെന്നിത്തല പരാതിപ്പെട്ടു.
സര്‍ക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങളായാലും അവ ചീഫ് സെക്രട്ടറി വഴി മാത്രമേ നടത്താവൂ എന്ന് നിര്‍ദേശം നല്‍കണമെന്നും ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു.
അതേസമയം നേമം ചലഞ്ച് ഏറ്റെടുക്കാന്‍ ഒടുവില്‍ ഉമ്മന്‍ ചാണ്ടി സമ്മതം മൂളിയെന്ന് റിപ്പോര്‍ട്ട്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ബന്ധത്തിന് ഉമ്മന്‍ ചാണ്ടി വഴങ്ങുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി മാറിയാല്‍ പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നേമത്ത് ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യം മുതലുള്ള നിലപാട്.
എന്നാല്‍ ആദ്യഘട്ടത്തില്‍ ഇരുനേതാക്കളും ആവശ്യം തള്ളി. മണ്ഡലം മാറിയാല്‍ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. അതിനിടെ കെ.മുരളീധരന്‍ എംപിയെ മണ്ഡലത്തില്‍ ഇറക്കാന്‍ ആലോചന നടത്തിയെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാട് മാറ്റാന്‍ ഹൈക്കമാന്‍ഡ് വിസമ്മതിക്കുകയായിരുന്നു.