കാബിനറ്റ് പദവിയോടെ സമ്പത്തിനെ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ മുന്‍ എംപി എ. സമ്പത്തിനെ കാബിനറ്റ് പദവിയോടെ സര്‍ക്കാര്‍ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നിയമനം നടക്കുന്നത്. പ്രളയസെസ് നിലവില്‍ വന്ന ദിവസം തന്നെയാണ് അധിക ചിലവ് വരുന്ന സര്‍ക്കാരിന്റെ നിയമനമെന്നതാണ് ശ്രദ്ധേയമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വികസന കാര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ആറ്റിങ്ങല്‍ മുന്‍ എംപി സമ്പത്തിനെ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിച്ചത്. ഡല്‍ഹിയിലെ കേരള ഹൗസില്‍ ലെയ്‌സണ്‍ ഓഫീസറായിട്ടാണ് നിയമനം. കേരള ഹൗസില്‍ സമ്പത്തിന് പ്രത്യേക ഓഫീസും വാഹനവും ലഭ്യമാക്കും. ഇതോടൊപ്പം സമ്പത്തിന്റെ ഓഫീസില്‍ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരുടെ തസ്തികകളും സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.