KeralaNews

മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിൽ മരണം അഞ്ചായി,ജന ജീവിതം സ്തംഭിച്ചു; വിമാന സർവീസുകൾ പുനരാരംഭിയ്ക്കില്ല

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരിതത്തിൽ വലഞ്ഞ് ചെന്നൈ നഗരം. കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ ചെന്നൈയിൽ മഴയുക്കെടുതിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയർന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉയർന്നതോടെ ജനജീവിതം താറുമാറായി.

റൺവേ വെള്ളത്തിലായതോടെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചു, മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയെത്തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവ വഴിതിരിച്ചുവിടുകയും ചെയ്‌തിരുന്നു. തിങ്കളാഴ്‌ചയോടെ ശക്തമായ ചുഴലിക്കാറ്റായി മിഷോങ് മാറിയതായി ഐഎംഡി അറിയിച്ചിരുന്നു.

നഗരത്തിലെ മോശം കാലാവസ്ഥ കണക്കിലെടുത്ത് ചൊവ്വാഴ്‌ച രാവിലെ 9 മണി വരെ ചെന്നൈ വിമാനത്താവളത്തിലെ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നേരത്തെ, രാവിലെ 9.17നും 11.30നും ഇടയിൽ ചെന്നൈ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളുടെ വരവ് നിർത്തിവച്ചിരുന്നു. ഇതാണ് നീട്ടിയിരിക്കുന്നത്.

മിഷോങ് ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് അടുക്കുന്നതിനിടെ തിങ്കളാഴ്‌ച രാത്രി മുഴുവൻ ചെന്നൈയിൽ കനത്ത മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമാകുകയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയും ചെയ്‌തതോടെ നഗരത്തിലെ റോഡിൽ ഒരു മുതലയെ കണ്ടത് ആശങ്ക പടർത്തി.

കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ വിവിധ മെട്രോ സ്‌റ്റേഷനുകൾക്ക് സമീപം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. സെന്റ് തോമസ് മെട്രോ സ്‌റ്റേഷനിൽ നാലടിയോളം വെള്ളം കെട്ടിനിന്നതോടെ സ്‌റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു. തുടർന്ന് ആലന്തൂരിൽ നിന്ന് മെട്രോ ട്രെയിനിൽ കയറാൻ യാത്രക്കാരോട് നിർദേശിക്കുകയായിരുന്നു.

കനത്ത മഴയിൽ ഇതുവരെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതായി ചെന്നൈ പോലീസ് അറിയിച്ചു. ഏറ്റവുമൊടുവിൽ വൈദ്യനാഥൻ മേൽപ്പാലത്തിന് സമീപത്തെ പ്ലാറ്റ്‌ഫോമിൽ 70 വയസോളം പ്രായമുള്ള അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഫോർഷോർ എസ്‌റ്റേറ്റ് ബസ് ഡിപ്പോയിൽ നിന്ന് 60 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി.

നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപട്ട് ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തമിഴ്‌നാട് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. മിഷോങ്ങിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ കമ്പനികളിലെ ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാനും സർക്കാർ അഭ്യർത്ഥിച്ചു. പാൽ വിതരണം, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ മാത്രം പ്രവർത്തിക്കാനാണ് നിർദ്ദേശം.

പശ്ചിമ ബംഗാളിലെ കൊൽക്കത്ത ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവം അനുഭവപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 6, 7 തീയതികളിൽ പുർബ, പശ്ചിമ മേദിനിപൂർ, ഝാർഗ്രാം, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, കൊൽക്കത്ത, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button