KeralaNews

ബാറ്ററിക്കകത്തെ ജെല്‍ ചൂടില്‍ ഗ്യാസ് രൂപത്തില്‍ ആയി മാറി ഫോണിന്റെ സ്‌ക്രീനില്‍ ചെറിയ സുഷിരമുണ്ടാക്കി പൊട്ടിത്തെറിച്ചു,തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവും മരണ കാരണം

തൃശൂര്‍:തിരുവില്വാമലയില്‍ തൃശൂരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയത് തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണ കാരണം തലയിലേറ്റ ഗുരുതരമായ പരുക്കാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. തലയിലേറ്റ പരുക്കിനെ തുടർന്ന് തലച്ചോറിൽ പലയിടത്തും ക്ഷതമുണ്ടായി. ഇതിനെ തുടർന്നുണ്ടായ രക്തസ്രാവമാണു മരണകാരണമെന്നാണു കണ്ടെത്തൽ.

പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ ആണ് മരിച്ചത്. ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ 3–ാം ക്ലാസ് വിദ്യാർഥിയാണ്. 4 വർഷം മുൻ‌പു വാങ്ങിയ ഫോണിന്റെ ബാറ്ററി രണ്ടര വർഷം മുൻപു മാറ്റിയിരുന്നു. കുട്ടിയുടെ മുഖവും ഫോൺ പിടിച്ചതെന്നു കരുതുന്ന വലതുകയ്യും തകർന്നു. ഡിസ്പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണ് അപകടത്തിനിടയാക്കിയ ഫോൺ കണ്ടെത്തിയത്.

ഫോൺ പൂർണമായും പൊട്ടിത്തകർന്നിട്ടില്ല. ബാറ്ററിയാണു പൊട്ടിത്തെറിച്ചതെന്ന് (കെമിക്കൽ ബ്ലാസ്റ്റ്) പൊലീസ് പറഞ്ഞു. ഫോൺ ചാർജ് ചെയ്യുമ്പോഴല്ല അപകടമെന്നു വീട്ടുകാർ‌ പറയുന്നു. ബാറ്ററിക്കകത്തെ ജെൽ ചൂടിൽ ഗ്യാസ് രൂപത്തിൽ ആയി മാറി ഫോണിന്റെ സ്ക്രീനിൽ ചെറിയ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാകാം ദുരന്തത്തിനിടയാക്കിയതെന്നാണു ഫൊറൻസിക് ഉദ്യോഗസ്ഥരുടെ നിഗമനം.

തിങ്കൾ രാത്രി പത്തരയോടെയാണു സംഭവമുണ്ടായത്. അശോകന്റെ അമ്മ സരസ്വതിയും ആദിത്യശ്രീയും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. അശോകനും ഭാര്യ സൗമ്യയും തിരുവില്വാമല ടൗണിലെ കുറിയർ സ്ഥാപനം അടച്ചു വരാൻ വൈകുക പതിവാണ്. അശോകന്റെ അനുജൻ മനോജ് തിങ്കളാഴ്ചയാണു മാലദ്വീപിലേക്കു പോയത്. വീട്ടുകാർ കുഞ്ഞിന് ഫോൺ സ്ഥിരമായി കൊടുത്തിട്ടുപോകുക പതിവില്ലെങ്കിലും മാലദ്വീപിലേക്കു പോയ മനോജിന് അമ്മയുമായി സംസാരിക്കാനുള്ള സൗകര്യത്തിനാണു ഫോൺ വൈകിട്ട് അഞ്ചരയോടെ അശോകൻ വീട്ടിൽ വച്ചിട്ടു പോയത്.

മുറിയിൽനിന്നു സരസ്വതി അടുക്കളയിലേക്കുപോയ നേരത്താണു പൊട്ടിത്തെറിയുണ്ടായത്. ഈ സമയം കുട്ടി കിടക്കുകയായിരുന്നുവെന്നാണു നിഗമനം. തലയണയിൽ ചോര പറ്റിയിട്ടുണ്ട്. സ്ഫോടന ശബ്ദം ഉച്ചത്തിൽ കേട്ടതായി അയൽക്കാർ പറ‍ഞ്ഞു. എസിപി ടി.എസ്.സിനോജ്, എസ്ഐ പി.ബി.ബിന്ദുലാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിദഗ്ധൻ ബി. മഹേഷും അപകടം നടന്ന മുറിയിൽ‍ പരിശോധന നടത്തി. സംസ്കാരം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker