കൊച്ചി:തന്റെ 43-ാം വയസിലാണ് ഷെഫ് സുരേഷ് പിള്ള ആദ്യമായി ഒരു വാഹനം സ്വന്തമാക്കുന്നത്. നാളിതുവരെ അദ്ദേഹത്തിന്റെ ഒരു സൈക്കിള്‍ പോലുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍, ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയപ്പോള്‍ അത് ഒട്ടും കുറച്ചില്ല. വാങ്ങിയത് ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സീഡീസിന്റെ എസ് ക്ലാസ് ബെന്‍സ് ആയിരുന്നു. ആദ്യ വാഹനം സ്വന്തമാക്കി ഒരു വര്‍ഷം തികയും മുമ്പ് മറ്റൊരു ആഡംബര വമ്പന്‍ കൂടി ഷെഫ് പിള്ളയുടെ ഗ്യാരേജില്‍ എത്തിയിരിക്കുകയാണ്.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ എസ്.യു.വി. മോഡലായ കയെന്‍ ആണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്ന രണ്ടാമന്‍. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുവന്ന് നിങ്ങളുടെ സ്വപ്‌നത്തിന് പിന്നാലെ സഞ്ചരിക്കുക, കഠിനാധ്വാനം ചെയ്യുക, ജീവിതത്തിലെ വെല്ലുവിളികളെ നേരിടുക, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് അദ്ഭുതമാണെന്ന് അറിയില്ലല്ലോ എന്ന കുറിപ്പോടെയാണ് പുതിയ വാഹനമെത്തിയ സന്തോഷം അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
പോര്‍ഷെയുടെ വാഹന നിരയിലെ ഏറ്റവും വലിയ എസ്.യു.വിയാണ് കയെന്‍. ഈ വാഹനത്തിന്റെ കൂപ്പെ പതിപ്പാണ് ഷെഫ് പിള്ളയുടെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. ഏകദേശം 1.48 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ വാഹനം കൊച്ചിയിലെ പോര്‍ഷെ ഷോറൂമിലെത്തിയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി6 പെട്രോള്‍ എന്‍ജിനാണ് അദ്ദേഹം സ്വന്തമാക്കിയ പോര്‍ഷെ കയെന്‍ കൂപ്പെ എസ്.യു.വിക്ക് കരുത്തേകുന്നത്. ഇത് 340 പി.എസ്. പവറും 450 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ആറ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററാണ്.