കൊച്ചി നേവല്‍ ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി പിടിയില്‍
കൊച്ചി: കൊച്ചി നേവല്‍ ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ചെറായി സ്വദേശിനി ദേവിപ്രിയ ബാബുവിനെ (30) ആണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നേവല്‍ ബേസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തിയായിരിന്നു തട്ടിപ്പ്.
നേവല്‍ ബോസില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വടുതല സ്വദേശി നിജോ ജോര്‍ജില്‍ നിന്ന് ഇവര്‍ 70,000 രൂപ കൈപ്പറ്റി. എന്നാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഇയാള്‍ നേവല്‍ ബേസില്‍ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലാകുന്നത്. ഒരു വര്‍ഷത്തോളമായി ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിവരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് പോലീസ് പറഞ്ഞു.
രണ്ട് മക്കള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് തൃശൂര്‍ സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും ഇവര്‍ 6 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. ഇവര്‍ക്കു നാവിക സേന ക്വാര്‍ട്ടേഴ്സ് ശരിയാക്കിയിട്ടുണ്ടെന്നും, കുട്ടികള്‍ക്കു കേന്ദ്രീയ വിദ്യാലയയില്‍ പ്രവേശനം തരപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു.നല്‍കുന്ന പണം നേവല്‍ ബേസിലെ യൂണിയന്‍ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമാണു നല്‍കുന്നതെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. അന്വേഷണത്തില്‍ ഇവര്‍ പറയുന്നതു കളവാണെന്നു കണ്ടെത്തിയെന്നു പോലീസ് പറഞ്ഞു.