ഫാസ്റ്റാഗ് അഞ്ചുവർഷമായോ?; ഇന്ന് മുതൽ ഫാസ്റ്റാഗിൽ വന്ന മാറ്റങ്ങൾ അറിയാം
ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ സംവിധാനമാണ് ഫാസ്റ്റാഗ്. തടസം കൂടാതെയുള്ള യാത്രകള്‍ ഉറപ്പാക്കുന്നതിനായി ഈ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ കാര്യക്ഷമമാക്കിയിരിക്കുകയാണ്. ഓഗസ്റ്റ് ഒന്ന് മുതലാണ് ഫാസ്റ്റാഗിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഫാസ്റ്റാഗ് സംവിധാനത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ നിങ്ങളുടെ വാഹനത്തിലെ സംവിധാനത്തെയും ബാധിക്കുമോയെന്ന് പരിശോധിച്ച് വേണം ടോള്‍ ബൂത്തിലൂടെയുള്ള യാത്രകള്‍.
ഫാസ്റ്റാഗ് സംവിധാനത്തിലും ഉണ്ടാകുന്ന വീഴ്ചകള്‍ പരിഹരിക്കുന്നതിനായാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനായി നോ യു കസ്റ്റമര്‍ (കെ.വൈ.സി.) നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രധാന നിര്‍ദേശം. ഒക്ടോബര്‍ 31-നകം കെ.വൈ.സി. നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫാസ്റ്റാഗ് സേവനം നല്‍കുന്ന കമ്പനികളാണ് കെ.വൈ.സി. നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്നാണ് നിര്‍ദേശം.
മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയായ ഫാസ്റ്റാഗുകള്‍ നിര്‍ബന്ധമായും കെ.വൈ.സി. നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫാസ്റ്റാഗ് സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കുന്നതിന് ഉപയോക്താക്കള്‍ തന്നെ ഇക്കാര്യം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഓഗസ്റ്റ് ഒന്ന് മുതല്‍ തന്നെ കെ.വൈ.സി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നാണ് എന്‍.പി.സി.ഐ. നിര്‍ദേശിച്ചിരിക്കുന്നത്.
അഞ്ചുവര്‍ഷത്തിലേറെ പഴക്കമുള്ള ഫാസ്റ്റാഗുകള്‍ മാറ്റി പുതിയത് നല്‍കണമെന്നാണ് പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള ഫാസ്റ്റാഗുകള്‍ കെ.വൈ.സി. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ഷാസി നമ്പറും ഫാസ്റ്റാഗുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഫാസ്റ്റാഗ് കെ.വൈ.സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്‍.പി.സി.ഐ. പുറപ്പെടുവിച്ചിട്ടുണ്ട്.
പുതിയ വാഹനങ്ങളിലെ ഫാസ്റ്റാഗില്‍ വരുത്തുന്ന മാറ്റങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനം വാങ്ങി 90 ദിവസത്തിനകം വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ഫാസ്റ്റാഗ് നല്‍കുന്ന കമ്പനികള്‍ അവരുടെ ഡാറ്റാബേസ് പരിശോധിച്ച് വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്നും എന്‍.പി.സി.ഐ. ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈല്‍ നമ്പറുമായി ഫാസ്റ്റാഗ് ബന്ധിപ്പിക്കല്‍, വാഹനങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളാണ് കമ്പനികള്‍ ശ്രദ്ധിക്കേണ്ടത്.