KeralaNews

13ാം തവണയും ഉമ്മൻ ചാണ്ടി, മകൻ ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക്

തിരുവനന്തപുരം∙ പുതുപ്പള്ളിക്ക് പുതുചരിത്രം; ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന് അഭിമാന വിജയം. 37719 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. 

ചാണ്ടി ഉമ്മൻ 80144 വോട്ടും ജെയ്ക്ക് സി. തോമസ് 42425 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6558 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 37719 ആയി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 63,372 വോട്ടാണ് ഉമ്മന്‍ചാണ്ടിക്കു ലഭിച്ചത്. ജെയ്ക്കിന് 54328, ബിജെപിയുടെ എന്‍. ഹരിക്ക് 11,694 വോട്ടുമാണ് ലഭിച്ചിരുന്നത്. എല്‍ഡിഎഫിന് 11,903 വോട്ട് ഇത്തവണ കുറഞ്ഞു.

ഉമ്മൻചാണ്ടിയുടെ ഓർമകളുടെ കരുത്തുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ചാണ്ടി ഉമ്മന്, പിതാവിനോടുള്ള സ്നേഹം പുതുപ്പള്ളിക്കാർ വോട്ടായി നൽകി. പുതുപ്പള്ളിയിൽ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ച യുഡിഎഫ് ടീം കരുത്ത് കാട്ടി.

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ ജനം തള്ളിയെന്നാണ് കരുത്തുറ്റ ജയം തെളിയിക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ മീനടത്തും അയർകുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണം. കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണർകാട് ഒഴികെ 7 പ​ഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടിയിരുന്നു. ഇത്തവണ എല്ലാ പഞ്ചായത്തുകളിലും ആധിപത്യം നേടാൻ ചാണ്ടി ഉമ്മന് കഴിഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേതുപോലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കൃത്യതയോടെയായിരുന്നു യുഡിഎഫിന്റെ തുടക്കം. മൂന്നു മണിക്കൂറിനുള്ളിൽ ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചയുടനെ പ്രധാന യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ ക്യാംപ് ചെയ്തു. പ്രതിപക്ഷ നേതാവും മുതിർന്ന നേതാക്കളും നേരിട്ട് ഡിസിസി നേതൃയോഗങ്ങളിലും പ്രദേശിക നേതാക്കളുടെ യോഗങ്ങളിലും പങ്കെടുത്തു.

സജീവമല്ലാത്ത ബൂത്തുകൾ പുനഃസംഘടിപ്പിച്ചു. യുഡിഎഫ് പ്രവർത്തകർ പ്രചാരണത്തിനായി എല്ലാ വീടുകളിലും എത്തിയെന്ന് ഉറപ്പിച്ചു. ഒരു ഡിസിസിക്ക് ഒരു പഞ്ചായത്തിന്റെ ചുമതല വീതം നൽകുന്ന പരീക്ഷണവും നടത്തി. 300 കുടുംബയോഗങ്ങൾ വരെ സംഘടിപ്പിച്ചു.

ഉമ്മൻചാണ്ടിയുടെ ചികിൽസ സംബന്ധിച്ച ആരോപണങ്ങൾ സിപിഎം നേതൃത്വം ഉയർത്തിയപ്പോൾ കോൺഗ്രസ് പാർട്ടിയും കുടുംബവും അതിനെ ഒറ്റക്കെട്ടായി നേരിട്ടു. ജീവിച്ചിരുന്നപ്പോഴും മരിച്ചതിനു ശേഷവും ഉമ്മൻചാണ്ടിയെ സിപിഎം വേട്ടയാടുകയാണെന്ന് യുഡിഎഫ് തിരിച്ചടിച്ചതോടെ പോരാട്ടം കനത്തു;

പ്രചാരണത്തിൽ കോൺഗ്രസിനു മേൽക്കൈയുമുണ്ടായി. സൈബർ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കാനായി. പ്രചാരണ രംഗത്ത് സിപിഎമ്മിനു മുകളിൽ ആധിപത്യം സ്ഥാപിക്കുകയെന്നത് കോൺഗ്രസിൽ പതിവില്ലാത്തതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേതുപോലെ പ്രചാരണം പിഴവില്ലാതെ പൂർത്തിയാക്കാനായത് യുഡിഎഫിനു വലിയ നേട്ടമായി. തൃക്കാക്കരയിൽ പി.ടി.തോമസിന്റെ ഭൂരിപക്ഷം 14329ൽ നിന്ന് ഉമ തോമസ് 25016 ആയി ഉയര്‍ത്തിയെങ്കിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 9044 ൽനിന്ന് 36454 ആയി ഉയർത്തി.

മറുവശത്ത്, എൽഡിഎഫ് ക്യാംപ് ആയുധമാക്കിയത് പുതുപ്പള്ളിയിലെ വികസന പ്രശ്നങ്ങളാണ്. ഉമ്മൻചാണ്ടിയുടെ ഓർമകൾ നിറഞ്ഞ പുതുപ്പള്ളിയിൽ അത് ജനങ്ങളിലേക്കെത്തിയില്ല. തൃക്കാക്കരയിലേതുപോലുള്ള ആവേശവും ഇടതുമുന്നണിയുടെ പ്രചാരണത്തിൽ കണ്ടില്ല. യുഡിഎഫ് ഭവന സന്ദർശനം 3 തവണ പൂർത്തിയാക്കിയപ്പോഴാണ് എൽഡിഎഫിന്റെ ആദ്യ വട്ട സന്ദർശനം പൂർത്തിയായത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഭാ നേതൃത്വം ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും 7 പ​ഞ്ചായത്തുകളിലെ ഭരണവും യുഡിഎഫിന്റെ ഭൂരിപക്ഷം കുറച്ചിരുന്നു. പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും ചാണ്ടി ഉമ്മന് അനുകൂല നിലപാടാണ് ഇത്തവണ സഭാ നേതൃത്വം സ്വീകരിച്ചത്. ബിജെപിക്ക് കാര്യമായ മത്സരം കാഴ്ചവയ്ക്കാനായില്ല. ആം ആദ്മി പാർട്ടി 829 വോട്ടുനേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker