ബെംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ചന്ദ്രയാൻ മൂന്നിലെ റോവർ പ്രയാണംതുടരുന്നു. ചന്ദ്രോപരിതലത്തിലൂടെ റോവർ എട്ടുമീറ്റർ വിജയകരമായി സഞ്ചരിച്ചതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. റോവറിലെ പേ ലോഡുകളായ ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എ.പി.എക്സ്.എസ്.), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പ് (എൽ.ഐ.ബി.എസ്.) എന്നിവ വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങി.
ലാൻഡർ മൊഡ്യൂളിൽനിന്ന് റോവർ പുറത്തിറങ്ങിയത് സാങ്കേതികമികവോടെ സ്ഥാപിച്ച റാമ്പ് വഴിയാണ്. റോവറിന്റെ ചക്രങ്ങൾ ഉരുണ്ടിറങ്ങാൻ പാകത്തിലുള്ള റാമ്പ് ലാൻഡർ മൊഡ്യൂളിൽനിന്ന് ചന്ദ്രോപരിതലത്തിൽ സ്ഥാപിച്ചതിന്റെ വീഡിയോ ദൃശ്യം ഐ.എസ്.ആർ.ഒ. വെള്ളിയാഴ്ച പുറത്തുവിട്ടു. റാമ്പിലൂടെ റോവർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിന്റെ തെളിമയുള്ള മറ്റൊരു വീഡിയോദൃശ്യവും പുറത്തുവന്നു.
രണ്ടുഭാഗങ്ങളായുള്ള റാമ്പാണ് സജ്ജീകരിച്ചതെന്ന് ഐ.എസ്.ആർ.ഒ. എക്സിൽ കുറിച്ചു. റോവറിന് പ്രവർത്തിക്കാനുള്ള ഊർജം നൽകാൻ ഒരു സോളാർ പാനലും സജ്ജീകരിച്ചിരുന്നു. റോവറിനോടുചേർന്ന് ഉയർന്നുനിൽക്കുന്ന സോളാർ പാനൽ ദൃശ്യത്തിൽ കാണാം.
റോവർ ഇറങ്ങുന്നതിനുതൊട്ടുമുമ്പ് വളരെ വേഗത്തിലാണ് റാമ്പ് ലാൻഡറിൽനിന്ന് വിടർന്ന് അറ്റം ചന്ദ്രോപരിതലത്തിൽ സ്പർശിച്ചുനിന്നത്. ഇതിലൂടെ ചക്രങ്ങൾ ഘടിപ്പിച്ച റോവർ തടസ്സങ്ങളില്ലാതെ സാവധാനം ചന്ദ്രോപരിതലത്തിലേക്കിറങ്ങുകയായിരുന്നു. ഇത്തരം 26 യന്ത്രസംവിധാനങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിലുള്ളത്.
ഐ.എസ്.ആർ.ഒ.യുടെ കീഴിലുള്ള യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലാണ് ഇവ വികസിപ്പിച്ചതെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു. പ്രൊപ്പൽഷൻ മൊഡ്യൂളിലെയും ലാൻഡർ മൊഡ്യൂളിലെയും റോവറിലെയും എല്ലാ പേ ലോഡുകളും സാധാരണനിലയിൽ പ്രവർത്തിക്കുന്നതായും അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 6.04-ന് ലാൻഡിങ്നടന്ന് നാലുമണിക്കൂറിനുശേഷമാണ് റോവറിനെ പുറത്തിറക്കാനുള്ള നടപടികൾ ആരംഭിച്ചത്. റോവർ പുറത്തിറങ്ങിയ കാര്യം വ്യാഴാഴ്ച രാവിലെയാണ് ഐ.എസ്.ആർ.ഒ. അറിയിച്ചത്.