ബംഗലൂരു: ചന്ദ്രയാന്‍ 2 ന്‍റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി. വിക്രം ലാന്‍ഡറിന്‍റെ സ്ഥാനം കണ്ടെത്തിയെങ്കിലും ഇതുമായുള്ള ആശയവിനിമയം സാധ്യമായില്ല എന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. ലാന്‍ഡറിന്‍റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി ഇസ്രോ അറിയിച്ചു.
ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്ന് വിക്രം ലാൻഡറിന്‍റെ തെർമ്മൽ ഇമേജ് ലഭിച്ചതായി ഇസ്രൊ ചെയർമാൻ ഡോ കെ ശിവനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐയാണ് ഇക്കാര്യം പുറത്ത് വിട്ടത്. വിക്രം ചന്ദ്രോപരിതലത്തിൽ ഉണ്ട് എന്നതിന് ഇതോടെ സ്ഥിരീകരണമായി പക്ഷേ വിക്രമുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല.
വിക്രമിന്‍റെ തെർമ്മൽ ഇമേജ് മാത്രമാണ് ഓർബിറ്റർ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത്. മാൻസിനസ് സി സിംപെലിയസ് എൻ ഗർത്തങ്ങളുടെ ഇടയിൽ വിക്രമിന്‍റെ സ്ഥാനം കൃത്യമായി എവിടെയാണെന്ന് ഇത് വരെ ഇസ്രൊ അറിയിച്ചിട്ടില്ല. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ ഇപ്പോഴും ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ട്. ഓർബിറ്റർ ദക്ഷിണധ്രുവപ്രദേശത്തിന് അടുത്തെത്തിയാൽ മാത്രമേ കൂടുതൽ വ്യക്തമായ ചിത്രങ്ങളും മറ്റ് വിവരങ്ങളും ലഭിക്കൂ എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
അടുത്ത പതിനാല് ദിവസങ്ങളിലും വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇസ്രൊ വ്യക്തമാക്കിയിരുന്നു. വിക്രമിന്‍റെ സ്ഥാനം കണ്ടെത്താനായത്സ ഈ പ്രവർത്തനങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷ.