തിരുവനന്തപുരം: ഇന്ന് രാത്രിയോടെ എത്തുന്ന മഴ സംസ്ഥാനത്ത് കൊടും ചൂട് ശമിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകർ. ഒറ്റപ്പെട്ടയിടങ്ങളിലാണ് അടുത്ത മണിക്കൂറിൽ മഴ പ്രതീക്ഷിക്കുന്നത്. അതേസമയം ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ പുനലൂരിൽ രേഖപ്പെടുത്തിയത്. കോട്ടയത്ത് ഇന്നലെ ശരാശരിയേക്കാൾ മൂന്ന് ഡിഗ്രിയാണ് താപനില ഉയർന്നത്.
കുറെയധികം ദിവസത്തെ ഇടവേളയ്ക്ക് ശേഷം , ആകാശം പലയിടത്തും മേഘാവൃതമാണ്. അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പ്രതീക്ഷിക്കാം. അടുത്ത ദിവസങ്ങളിലും ഇങ്ങനെ ശരാശരി മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ഇന്ന് രാത്രിയോടെ മലയോര, വനമേഖലകളിൽ മഴ പ്രതീക്ഷിക്കാം. രാത്രി വൈകി തീരപ്രദേശങ്ങളിലും മഴ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ നിലനിന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. നിലവിലെ സൂചന അനുസരിച്ച് ഈ ന്യൂനമർദ്ദം തമിഴ്നാട് തീരത്ത് നിന്ന് അകന്നുപോകാനാണ് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ട മഴ ഇത് മൂലം കിട്ടിയേക്കും. ഇരുപതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്.
മഴ വരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ താപനില കൂടി പരിശോധിക്കേണ്ടതുണ്ട്. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലാണ് ഇന്നലെ പുനലൂരിൽ രേഖപ്പെടുത്തിയത്, 39.2 ഡിഗ്രി സെൽഷ്യസ്. വെള്ളാനിക്കരയിൽ 38.5 ഡിഗ്രി സെൽഷ്യസ്.കോട്ടയത്ത് 37.5 , പാലക്കാട് 37.4. ശരാശരിയേക്കാൾ 2.7 ഡിഗ്രി സെൽഷ്യസ് അധിക ചൂടാണ് ഇന്നലെ പുനലൂരിയുണ്ടായത്. കോട്ടയത്ത് ശരാശരിയേക്കാൾ 3.1 ഡിഗ്രി താപനില ഉയർന്നു. ഇത് കാലാവസ്ഥ വകുപ്പ് നേരിട്ട് ശേഖരിക്കുന്ന താപനിലയുടെ കണക്കാണ്.
പക്ഷെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം കണ്ണൂർ എയർപോർട്ടിൽ 41 ഡിഗ്രി രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടാമ്പിയിലും കൊട്ടാരക്കരയിലും ഇന്നലെ നാല്പത് ഡിഗ്രിക്ക് മുകളിലേക്ക് താപനില ഉയർന്നു. അതായത് സീസണിലെ തന്നെ ഏറ്റവും ഉയർന്ന ചൂടാണ് ഇന്നലെ പലയിടങ്ങളിലും രേഖപ്പെടുത്തിയത്. മഴ കിട്ടിയാലും ജാഗ്രതയിൽ കുറവുണ്ടാകരുതെന്ന് ചുരുക്കം.
പുനലൂരിൽ സീസണൽ റെക്കോർഡ് താപനില
ഇന്നലെ രേഖപ്പെടുത്തിയത് 39.2 °C
വെള്ളാനിക്കര – 38.5 °C
കോട്ടയത്ത് – 37.5 °C
പാലക്കാട് – 37.4 °C
കണ്ണൂർ എയർപോർട്ട് (AWS ) – 41 °C
പട്ടാമ്പി – 40.5 °C
കൊട്ടാരക്കര – 40.2 °C