KeralaNews

ചാംപ്യന്‍സ് ബോട്ട് ലീഗ്:കൊച്ചി കായലിലെ ജലരാജാവായി മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍

കൊച്ചി: കായലിലെ രാജാവിനെ തേടി നടത്തിയ മത്സരത്തില്‍ കിരീടമണിഞ്ഞത് പുന്നമടക്കായലിന്റെ ജല രാജാവ്. വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ (സി.ബി.എല്‍) രണ്ടാം സീസണിലെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന അഞ്ചാം മത്സരത്തിലാണ് ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ജേതാക്കളായ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ വള്ളം ഒന്നാമതെത്തിയത്. ടോപ്പിക്കല്‍ ടൈറ്റാന്‍സിനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വള്ളം നാല് മിനുട്ടും 21.02 സെക്കന്റുമെടുത്തായിരുന്നു ഫിനിഷ് ചെയ്തത്. സി.ബി.എല്ലിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചെറുവള്ളങ്ങളുടെ പ്രാദേശിക വള്ളംകളിയില്‍ കൊച്ചിന്‍ ഷിപ്പ് യാാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത ഇരുട്ടുകുത്തി വള്ളമായ താണിയനാണ് ഒന്നാമതായി തുഴഞ്ഞെത്തിയത്. 

പ്രൈഡ് ചേസേഴ്‌സിനായി വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്‍ നാല് മിനുട്ടും 32.43 സെക്കന്റുമെടുത്ത് സി.ബി.എല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തി. നാല് മിനുട്ടും 36.10 സെക്കന്റുമെടുത്ത് ഫിനിഷ് ചെയ്ത തണ്ടറോഴ്‌സിന് വേണ്ടി കെ.ബി.സി എസ്.എഫ്.ബി.സി ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി ചുണ്ടനാണ് മൂന്നാമത്. 

റേജിങ് റോവേഴ്‌സിനായി പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, മൈറ്റി ഓര്‍സിനായി എന്‍.സി.ഡി.സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ വളളം, റിപ്പിള്‍ ബ്രേക്കേഴ്‌സിനായി പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, ബാക്ക് വാട്ടര്‍ നൈറ്റ്‌സിനായി എടത്വ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടന്‍, ബാക്ക് വാട്ടര്‍ വാരിയേഴ്‌സിനായി കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍, കോസ്റ്റ് ഡോമിനേറ്റേഴ്‌സിന് വേണ്ടി യുണൈറ്റഡ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ എന്നിവ മറ്റു സ്ഥാനങ്ങളിലെത്തിയത്. 2019 നെഹ്‌റു ട്രോഫി വള്ളംകളിയിലെ  ആദ്യ സ്ഥാനങ്ങളില്‍ എത്തിയ ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളാണ് ഈ വര്‍ഷത്തെ സി.ബി.എല്ലിലെ മത്സരാര്‍ത്ഥികള്‍. ഒക്ടോബര്‍ 15ന് തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറത്താണ് അടുത്ത മത്സരം.

ജോസ്‌കോ ജ്വല്ലേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ഹനുമാന്‍ നമ്പര്‍ 1, ബി.പി.സി.എല്‍ കൊച്ചി സ്‌പോണ്‍സര്‍ ചെയ്ത ടി.ബി.സി തിരുത്തിപ്പുറം എന്നിവ പ്രാദേശിക വള്ളംകളി മത്സരത്തില്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സെന്റ് തെരേസാസ് കോളേജ് സ്‌പോണ്‍സര്‍ ചെയ്ത പുത്തന്‍ പറമ്പില്‍, ബി.പി.സി.എല്‍ കൊച്ചി സ്‌പോണ്‍സര്‍ ചെയ്ത വലിയ പണ്ഡിതന്‍, എല്‍.എന്‍.ജി ടെര്‍മിനല്‍ സ്‌പോണ്‍സര്‍ ചെയ്ത സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ 1, പോത്തീസ് സില്‍ക്‌സ് സ്‌പോണ്‍സര്‍ ചെയ്ത സെന്റ് ആന്റണി, സേക്രട്ട് ഹാര്‍ട്ട്‌സ് കോളേജ് സ്‌പോണ്‍സര്‍ ചെയ്ത

പൊഞ്ഞനത്തമ്മ, കല്യാണ്‍ സില്‍ക്ക്‌സ് സ്‌പോണ്‍സര്‍ ചെയ്ത ശരവണന്‍ എന്നിവയാണ് മറ്റ് സ്ഥാനങ്ങള്‍ നേടിയത്.

വിജയികള്‍ക്കുള്ള സമ്മാനദാനം നടി മിയ ജോര്‍ജ്, ടി.ജെ വിനോദ് എം.എല്‍.എ, കൊച്ചി ഡി.സി.പി: എസ്.ശശിധരന്‍. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ പി.വിഷ്ണുരാജ്, ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ് തുടങ്ങിയവര്‍ നിര്‍വഹിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button