
ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് ശാഖയിലെ കവർച്ച ലക്ഷ്യം കണ്ടത് രണ്ടാംശ്രമത്തിൽ. നാലു ദിവസം മുൻപ് കവർച്ചയ്ക്കായി ബാങ്കിന് സമീപത്തെത്തിയിരുന്നെങ്കിലും പോലീസ് ജീപ്പ് കണ്ടപ്പോൾ പിൻമാറുകയായിരുന്നെന്ന് പ്രതി പറഞ്ഞു. പോട്ട ആശാരിപ്പാറ സ്വദേശി റിജോ ആന്റണി (48) കത്തികാട്ടി 15 ലക്ഷം രൂപയാണ് കവർന്നത്. ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പ്രതിയെ മോഷണം നടന്ന ബാങ്കിലെത്തിച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പ്രധാന തെളിവെടുപ്പ്. ഞായറാഴ്ച അർധരാത്രി വീട്ടിലും കൊണ്ടുപോയി തെളിവെടുത്തിരുന്നു. മോഷ്ടിച്ച 15 ലക്ഷം രൂപയിലെ 12 ലക്ഷവും വീട്ടിൽനിന്ന് കണ്ടെടുത്തു.
ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തി, മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയും വീട്ടിൽനിന്ന് കണ്ടെടുത്തു. റിജോയുടെ കാടുകുറ്റി അന്നനാടുള്ള സുഹൃത്തിന്റെ വീട്ടിൽനിന്ന് 2.9 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. കടം വാങ്ങിയ ഈ തുക അന്നനാടുള്ള സുഹൃത്ത് വിജീഷിന് നൽകിയിട്ടുണ്ടെന്ന് റിജോ മൊഴി നൽകിയിരുന്നു.
ആവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പായപ്പോൾ ബാങ്കിൽനിന്ന് പോയതാണെന്നും ബാങ്കിലെ മുഴുവൻ പണം മോഷ്ടിക്കാൻ ഉദ്ദേശ്യമില്ലായിരുന്നെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ബാങ്ക് മാനേജർ ഉൾപ്പെടെയുള്ളവർ എതിർപ്പില്ലാതെ ഭീഷണിക്കു കീഴ്‌പ്പെട്ടുവെന്നും പ്രതി പോലീസിനോടു പറഞ്ഞു.
ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസത്തിലായിരുന്നു താനെന്നും അതു കൊണ്ടാണ് തൊണ്ടി മുതലുൾപ്പെടെയുള്ളവ വീട്ടിൽത്തന്നെ സൂക്ഷിച്ചതെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്.
മോഷ്ടാവിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ച അന്വേഷണസംഘം ഞായറാഴ്ച രാത്രി ഏഴുമണിയോടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. വീട്ടിൽ നടത്തിയ ചോദ്യം ചെയ്യലിൽത്തന്നെ ഇയാൾ കുറ്റം സമ്മതിച്ചു.
മുൻപ് വിദേശത്തായിരുന്ന റിജോ രണ്ടു വർഷം മുമ്പാണ് നാട്ടിലെത്തി ആശാരിപ്പാറയിൽ താമസം തുടങ്ങിയത്. ഒരു മാസത്തിലധികമായി കവർച്ചയുടെ ആസൂത്രണം നടത്തി. യാത്രയുടെ ‘ട്രയൽ’ നടത്തുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.