ചാക്കോച്ചനെ അന്ന് കളിക്കാന്‍ ഇറക്കിയില്ല, ആ വിഷമത്തിലാണ് ക്രിക്കറ്റ് ക്ലബ്ബുണ്ടാക്കിയത്; ടിനി ടോം പറയുന്നു
കൊച്ചി:ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങള്‍ അണിനിരക്കുന്ന ക്രിക്കറ്റ് ലീഗാണ് സിസിഎല്‍. മലയാളത്തിലെ താരങ്ങളും ഈ ലീഗില്‍ പങ്കെടുക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള തുടങ്ങിയവര്‍ ലീഗില്‍ കളിക്കുന്നുണ്ട്. നേരത്തെ മോഹന്‍ലാല്‍ അടക്കം പങ്കെടുത്ത ലീഗില്‍ നിന്നും ഈയ്യടുത്തായിരുന്നു അമ്മ പിന്മാറിയത്. ഇതോടെ അമ്മയുടെ ടീമിന്റെ പേരായ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേരും ടീമിന് നഷ്ടമായിരുന്നു.
എങ്കിലും കുഞ്ചാക്കോ ബോബനും സംഘവും കളിക്കുന്നത് തുടരുകയാണ്. ഇപ്പോഴിതാ സിസിഎല്ലില്‍ നിന്നും അമ്മ പിന്മാറിയതിനെക്കുറിച്ചും കുഞ്ചാക്കോ ബോബന്റെ ടീമിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ടിനി ടോം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോം മനസ് തുറന്നിരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
അമ്മയ്ക്ക് ഇപ്പോഴൊരു ഫുട്‌ബോള്‍ ടീമൊക്കെയുണ്ട്. ഇതിലുള്ള അംഗങ്ങള്‍ തന്നെയാണ് അതിലുമുള്ളത്. രാജീവ് പിള്ളയും പാഷാണം ഷാജിയും പ്രജോദുമൊക്കെ തന്നെയാണ് കളിക്കുന്നത്. ഞാനും കൈലാഷുമാണ് ഗോളിമാര്‍. എക്‌സൈസിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വന്നവരാണ്. നമ്മളുടെ പിള്ളേര് ദിവസവും പറമ്പില്‍ കളിക്കാന്‍ പോകുന്നവരാണ്. അവര്‍ തന്നെയാണ് ക്രിക്കറ്റിലും കളിക്കുന്നത്. രാജീവ് പിള്ള നമ്മളുടെ ഡിഫന്‍ഡറാണ്. അര്‍ജുന്‍ നന്ദകുമാര്‍, മണികണ്ഠന്‍ തുടങ്ങിയവരുമുണ്ട്.
ക്രിക്കറ്റില്‍ സംഭവിച്ചത്, സി ത്രീ എന്നൊരു ടീം നേരത്തെ തന്നെ ചാക്കോച്ചനുണ്ട്. ഒരു ക്രിക്കറ്റ് ടീം കൊണ്ടു നടക്കുക എന്നത് അമ്മയെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. മറ്റേത് എപ്പോഴും കളിച്ചു കൊണ്ടിരിക്കുന്ന ടീമാണ്. അമ്മ അതിനായി മുന്നിട്ട് ഇറങ്ങാതിരുന്നതിനാല്‍ സി ത്രീ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന ബാനര്‍ എടുത്ത് കളിക്കുക മാത്രമാണ് ഉണ്ടായത്.
ലാലേട്ടന്‍ പിന്മാറിയെന്ന് കരുതി ക്രിക്കറ്റിന് നഷ്ടമൊന്നും സംഭവിക്കാനില്ല. ഞാനില്ല എന്ന് പറഞ്ഞ് മാറി നിന്നതല്ല. എല്ലാ പിന്തുണയും കൊടുത്തു കൊണ്ടാണ് ലാലേട്ടന്‍ മാറി നിന്നത്. അതിലൊരു ഈഗോ ക്ലാഷുമില്ല. കളിക്കാന്‍ പോകുന്ന ആരേയും തടയുന്നില്ല. നിങ്ങള്‍ കളിച്ചോ എന്ന് തന്നെയാണ് പറയുന്നത്. എല്ലാവരും അമ്മയിലെ അംഗങ്ങളാണ്. ഉണ്ണി മുകുന്ദന്‍ എക്‌സിക്യൂട്ടീവ് മെമ്പറാണ്. തെറ്റായ വാര്‍ത്തകളാണ് വന്നത്. അമ്മ എതിര്‍ക്കുകയോ പാടില്ല എന്ന് പറയുകയോ ചെയ്തിട്ടില്ല.
ചാക്കോച്ചന് ഒരു വിഷമം ഉണ്ടായിട്ടുണ്ട്. പണ്ട് കളിച്ചപ്പോള്‍ നമ്മളുടെ പഴയ കോച്ച് ബെഞ്ചില്‍ ഇരുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇറക്കാതിരുന്നത് എന്ന് അറിയില്ല. അന്ന് എനിക്ക് സിസിഎല്ലുമായൊന്നും ബന്ധമുണ്ടായിരുന്നില്ല. ചാക്കോച്ചനെ കളിക്കാനിറക്കാതിരുന്നതില്‍ നിന്നുമാണ് സി ത്രീ എന്ന ക്ലബ്ബുണ്ടാകുന്നത്. ഞാന്‍ അറിഞ്ഞത് അങ്ങനെയാണ്. ഇത് മണിയറ രഹസ്യമൊന്നുമല്ല. അന്ന് മുതലേ തുടര്‍ച്ചയായ പ്രാക്ടീസ് ചെയ്യുകയും കളിക്കുകയും ചെയ്യുന്ന ക്ലബ്ബാണ്.
പാപ്പന്‍, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളാണ് ടിനി ടോമിന്റേതായി അവസാനമായി പുറത്തിറങ്ങിയ സിനിമകള്‍. ഓപ്പറേഷന്‍ അരപ്പൈമ എന്ന ചിത്രമാണ് ടിനി ടോമിന്റേതായി അണിയറയിലുള്ളത്. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളുമാണ് ടിനി ടോം. മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയിലെ ഭാരവാഹിയും കൂടിയാണ് ടിനി ടോം.
മിമിക്രി വേദിയില്‍ നിന്നുമാണ് ടിനി ടോം സിനിമയിലെത്തുന്നത്. ടെലിവിഷന്‍ ചാനലുകളില്‍ കോമഡി പരിപാടികളിലൂടെയാണ് ടിനി ടോം താരമാകുന്നത്. പിന്നീട് സിനിമയിലെത്തുകയായിരുന്നു. കോമഡി വേഷങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീട് ക്യാരക്ടര്‍ റോളുകളും നായക വേഷങ്ങളുമെല്ലാം ചെയ്ത് കയ്യടി നേടി. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോ വിധി കര്‍ത്താവായും ടിനി ടോം സജീവ സാന്നിധ്യമാണ്.