എടപ്പാള്‍: വീട്ടുകാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ കാമുകന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയെ കടത്തി. വിവാഹത്തിനു നാലു ദിവസം മുന്‍പാണ് കാമുകന്റെ നിര്‍ദേശാനുസരണം സുഹൃത്തുക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാമുകന്റെ സഹോദരനെയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത പോലീസ് പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ നിന്നു കണ്ടെത്തി കോടതിയില്‍ ഹാജരാക്കി വീട്ടുകാരോടൊപ്പം അയച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചങ്ങരംകുളം സ്വദേശിയായ വിഷ്ണു (22), മഞ്ചേരി സ്വദേശി അഹമ്മദ് നാസിന്‍ (23) എന്നിവരെയാണ് ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കലും സംഘവും അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പിതാവടക്കം പ്രതിയായ രണ്ടാമത്തെ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുന്‍പ് 18 വയസ്സ് പൂര്‍ത്തിയായ ചങ്ങരംകുളം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ വിവാഹം വീട്ടുകാര്‍ ബുധനാഴ്ചത്തേക്ക് നിശ്ചയിച്ചിരുന്നു. എന്നാല്‍ മൂന്നു വര്‍ഷമായി പെണ്‍കുട്ടി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു.
ഈ യുവാവിന്റെ നിര്‍ദേശാനുസരണം സുഹൃത്ത് പെണ്‍കുട്ടിയെ വിവാഹത്തിന് നാല് ദിവസം മുന്‍പ് വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോയി. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. യുവാവിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച സുഹൃത്തിനെ പോലീസ് പിടികൂടി. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെയും കൂട്ടിക്കൊണ്ടുപോയ വിഷ്ണുവിനെയും സേലത്തുനിന്ന് പിടികൂടി.
യുവാവിന് എതിരെ പോക്സോ പ്രകാരം കേസെടുക്കുകയും പ്രതികളെ കോടതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന പരാതി ലഭിച്ചത്. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൂന്നു ബന്ധുക്കള്‍ റിമാന്‍ഡിലായി.
അതേസമയം, ഒളിവിലുള്ള കാമുകനെയും സുഹൃത്തിനെയും കണ്ടെത്താന്‍ ബംഗളൂരു പോലീസിന്റെ സഹായത്തോടെ ശ്രമം നടത്തിവരികയാണ്. ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍, എസ്ഐ ഹരിഹരസൂനു, എഎസ്ഐ ശിവന്‍, സിപിഒ സുധീഷ്, സുജന എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.