NationalNews

വഖഫ് നിയമ ഭേദഗതി ബിൽ നാളെ പാർലമെന്‍റിലെത്തിക്കാൻ കേന്ദ്ര നീക്കം;ഘടകക്ഷികള്‍ക്ക് അറിയിപ്പ്‌ കെസിബിസി നിർദേശത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്‍റിൽ നാളെ കൊണ്ടു വന്നേക്കും. വെള്ളിയാഴ്ച സമ്മേളനം അവസാനിക്കുമെന്നതിനാൽ വൈകാതെ ബിൽ പാസാക്കാനുള്ള നീക്കമാണ് നടക്കുന്നത്. പുതുക്കിയ ഭേദഗതികളിന്മേൽ പാർലമെന്‍റിൽ ചർച്ച നടക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു. അതേസമയം ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന കെസിബിസി നിർദേശത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്.

വഖഫ് നിയമത്തിലെ ഭരണഘടനാ വിരുദ്ധ നിർദേശങ്ങൾ തിരുത്തുന്നതിനെ കേരളത്തിലെ എംപിമാർ അനുകൂലിക്കണം എന്നാണ് കെസിബിസി ആവശ്യപ്പെട്ടത്. പ്രത്യേകിച്ച് മുനമ്പം വിഷയം ചൂണ്ടിക്കാട്ടിയാണ് കെസിബിസി ഇത്തരത്തിലൊരു പിന്തുണ വേണമെന്ന് കേരളത്തിലെ എംപിമാരോട് പറഞ്ഞത്. കെസിബിസിയുടെ പ്രസ്താവന ക്രൈസ്തവ യുവജന സംഘടനകൾ ആവർത്തിക്കുകയും ചെയ്തു. 

“മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിക്ക് മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യണം. മുനമ്പത്തെ ജനത്തിന് ഭൂമി വിറ്റ ഫറൂഖ് കോളേജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എതിര്‍ വാദം ഉന്നയിക്കത്തക്കവിധം വകുപ്പുകള്‍ വഖഫ് നിയമത്തില്‍ ഉള്ളത് ഭേദഗതി ചെയ്യാന്‍ ജനപ്രതിനിധികള്‍ സഹകരിക്കണം”- എന്നാണ് കെസിബിസി പറഞ്ഞത്. 

ബില്ല് ന്യായീകരിക്കാൻ കെസിബിസി നിലപാട് ബിജെപി ആയുധമാക്കുകയാണ്. മുനമ്പം സമരം ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, സങ്കുചിത താത്പര്യങ്ങൾ മാറ്റിവയ്ക്കണമെന്ന് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. രാഷ്ട്രീയം മാറ്റി വെച്ച് എല്ലാ എംപിമാരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ധനമന്ത്രി നിർമ്മല സീതാരാമനും കെസിബിസി നിലപാട് സ്വാഗതം ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker