NationalNews

രാജ്യത്ത് കൊവിഡ് വീണ്ടും പിടിമുറുക്കുന്നു,സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ, ടെസ്റ്റുകൾ കൂട്ടണമെന്ന് കേന്ദ്രം

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു. 

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു. കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ച സംസ്ഥാനങ്ങളുടെ യോഗം പുരോഗമിക്കുകയാണ്. ഡൽഹിയിൽ സ്ഥിരീകരിക്കുന്ന കേസുകളിൽ 90 ശതമാനവും ഒമിക്രോൺ ഉപവകഭേദം കാരണമെന്നാണ് കണ്ടെത്തൽ.

6050 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പതിമൂന്ന് ശതമാനം വർധന. 5335 പേർക്കായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ ദിവസത്തേക്കാൾ കൂടി 3.39 ശതമാനമായി. 14 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ചത്. 

കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇപ്പോഴാണ് പ്രതിദിന കേസുകൾ ഇത്തരത്തിൽ തുടർച്ചയായി വർധിക്കുന്നത്. മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ 800 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിലും പ്രതിദിന കണക്ക് 600 കടന്നു.

തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 90 ശതമാനവും ഒമിക്രോണിൻറെ ഉപവകഭേദമായ XBB1.16 ആണെന്നാണ് വിവരം. വ്യാപനശേഷി കൂടുതലാണെങ്കിലും ഈ വകഭേദം ഗുരുതര ആരോഗ്യ പ്രശ്നത്തിനിടയാക്കില്ല എന്നാണ് വിലയിരുത്തൽ.

കേരളമുൾപ്പടെ മൂന്നിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്. കൊവിഡ് കേസുകളുടെ എണ്ണം കൂടിയതോടെ സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. മഹാരാഷ്ട്ര, തമിഴ്നാട് ഉൾപ്പടെ ചില സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ മാസ്ക് നേരത്തെ നിർബന്ധമാക്കിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker