കേരളത്തെ മാതൃകയാക്കാന്‍ കേന്ദ്രം വാട്ടർ മെട്രോ ഇനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്
കൊച്ചി: കേരളത്തിന്റെ സ്വന്തം പദ്ധതിയായ വാട്ടർ മെട്രോ വൻ വിജയമായതോടെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. കൊച്ചിയിലെ വാട്ടർ മെട്രോയുടെ മാതൃക പിന്തുടർന്ന് രാജ്യത്ത് 18 ഇടങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇതോടെ കൊച്ചി മെട്രോയുടെ ഖ്യാതി രാജ്യമൊട്ടാകെ വ്യാപിക്കുകയാണ്.
ഇത് സംബന്ധിച്ച പ്രാഥമിക നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) നേതൃത്വത്തിൽ ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് നവംബറിലാണ് കൊച്ചി മെട്രോയോട് 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാധ്യതാ പഠനം നടത്താന്‍ ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെ കണ്‍സള്‍ട്ടന്‍സി വിഭാഗം രൂപീകരിക്കാൻ കെഎംആര്‍എല്‍ ഡയറക്‌ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതോടെ ഇന്‍ഹൗസ് കമ്മറ്റി രൂപീകരിച്ച് വാട്ടര്‍ മെട്രോ ഇതര സ്ഥലങ്ങളില്‍ ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ തുടക്കം കുറിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പുറത്തുനിന്നുള്ള വിദഗ്‌ധ സേവനവും തേടാനാണ് തീരുമാനം.
വിവിധ ഇടങ്ങളിൽ വാട്ടർ മെട്രോയുടെ സാധ്യതാ പരിശോധന ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. പ്രസ്‌തുത സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഏതൊക്കെ സ്ഥലങ്ങളിലാണ് വാട്ടർ മെട്രോ ആരംഭിക്കേണ്ടതെന്ന് തീരുമാനിക്കുക. തുടർന്ന് ആ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിശദ പദ്ധതി രേഖ തയ്യാറാക്കുകയാണ് അടുത്ത നടപടി.
തടാകങ്ങൾ, പുഴകൾ, കായലുകൾ, സമുദ്രം തുടങ്ങി വിവിധയിടങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കുന്നതിന്റെ സാധ്യതയാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. ഗുവാഹാട്ടിയിൽ ബ്രഹ്മപുത്ര നദി, ജമ്മു- കശ്‌മീരിൽ ദാൽ തടാകം എന്നിവ ഉൾപ്പെടെ പരിഗണനയിൽ ഉണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മെട്രോ ട്രയിനിലേതിന് സമാനമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പൂര്‍ണമായും പരിസ്ഥിതി സൗഹൃദവുമായും സജ്ജീകരിച്ച കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ക്ക് ഇതിനോടകം വലിയ സ്വീകാര്യത തന്നെ ലഭിച്ചിരുന്നു. മികച്ച യാത്രാനുഭവം തന്നെയാണ് കൊച്ചി മെട്രോയെ ജനങ്ങളിലേക്ക് ആകർഷിച്ച ഘടകങ്ങളിൽ ഒന്ന്.