തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരോധനാജ്ഞ ലംഘിച്ചു സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ചതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിലാണ് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ച് സമരം നടത്തിയത്. രാവിലെ എട്ട് മുതല്‍ 10 വരെയാണ് സൂചന പണിമുടക്ക് നടന്നത്.
ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് അനുകൂല സംഘടന നഴ്സസ് യൂണിയന്‍ ജില്ലയില്‍ കരിദിനം ആചരിക്കും.
അതേസമയം, ഡോക്ടറുടെയും ഹെഡ്നഴ്സുമാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് സമരം പ്രഖ്യാപിച്ച നഴ്സുമാരുമായും ഡോക്ടര്‍മാരുമായും മന്ത്രി നടത്തിയ ചര്‍ച്ച അലസിപിരിഞ്ഞു.