KeralaNews

കേസ് ജൂണിൽ, മീടൂ മോശമായി ചിത്രീകരിക്കാൻ വിനായകൻ വേദി ഉപയോഗിച്ചെന്ന് കുഞ്ഞില മാസിലാമണി

കൊച്ചി:വിനായകന്റെ മീ ടൂ പരാമർശത്തെ വിമർശിച്ച് സംവിധായിക കുഞ്ഞില മാസിലാമണി. ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിലാക്കുന്ന ഏതു സംഭവവും ലൈംഗിക അതിക്രമത്തിൽ വരുന്നതാണ്. അങ്ങനെയിരിക്കെ മീടൂ മൂവ്മെന്റിനെ തള്ളിക്കളയുകയാണ് വിനായകൻ ചെയ്തത്. മീ ടൂ ആരോപണം വന്നിട്ടുളള ഒരു വ്യക്തിയാണ് വിനായകൻ. ആ സാഹചര്യത്തിൽ വ്യക്തിപരമായ ലാഭത്തിന് വേണ്ടി ശക്തമായ ഒരു മൂവ്മെന്റിനെ മോശം കാര്യമായി ചിത്രീകരിക്കുകയാണ് അദ്ദേഹം ചെയ്തത് എന്നും കുഞ്ഞില ആരോപിച്ചു. വിനായകന്റെ മീ ടൂ പരാമർശവുമായി ബന്ധപ്പെട്ട നടന്ന ടിവി ചർച്ചയിലാണ് കുഞ്ഞില പ്രതികരിച്ചത്.

കുഞ്ഞല മാസിലാമണിലൂടെ വാക്കുകൾ

ജനാധിപത്യമായ ഇടപെടലിനെ മാനിക്കാത്ത ഒരു സംഭാഷണം അന്തർലീനമായി സ്ത്രീവിരുദ്ധമായിരിക്കും. കാരണം അവിടെ സ്ത്രീയെ ബഹുമാനത്തോടെ പരിഗണിക്കാത്ത, അല്ലെങ്കിൽ സ്ത്രീ മനുഷ്യരാണ് എന്നുള്ള ഒരു സമീപനമല്ല ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് സ്വാഭാവികമായും സ്ത്രീ വിരുദ്ധത തന്നെയാണ്. പക്ഷെ ഇതിന്റെ വലിയ പ്രശ്നം സ്ത്രീ വിരുദ്ധമാണോ എന്നുള്ളതല്ല. എന്ത് സംസ്കാരമാണ് നമ്മൾ മുൻപോട്ട് വെക്കുന്നത് എന്ന് തോന്നുകയാണ്. ഇപ്പോൾ ഈ വിഷയം ചർച്ച ചെയ്യുമ്പോഴും വിനായകൻ എന്ന വ്യക്തി മുന്നോട്ടു വച്ചിട്ടുള്ള തെറ്റായ ആശയത്തെയാണ് എതിർക്കേണ്ടത്.

സ്വാതന്ത്ര്യത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ പറ്റാത്ത സാഹചര്യമാണ് ഈ നാട്ടിലുള്ളത് എന്ന തരത്തിലേക്കാണ് ചർച്ചകൾ വഴിമാറി പോകുന്നത്. അത് തന്നെയാണ് ഇത്തരത്തിലുള്ള പരാമർശങ്ങളുടെ പ്രശ്നം. ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിലാക്കുന്ന ഏതു സംഭവവും ലൈംഗിക അതിക്രമത്തിൽ വരും. അങ്ങനെ ഇരിക്കെ അത് മീ ടൂവിന്റെ പരിധിയിൽ ആണെങ്കിൽ ആ മൂവ്മെന്റിനെ തള്ളിക്കളയുകയാണ് വിനായകനെ പോലെ ഒരാൾ ചെയ്തത്. കാരണം വിനായകൻ എന്ന വ്യക്തിയോട് ചോദിച്ചിട്ടല്ല ആ വിഷയം അവിടെ സംസാരിച്ചു തുടങ്ങിയത്. മറ്റു കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം തന്നെയാണ് എന്താണ് മീടൂ എന്ന് പറഞ്ഞു തുടങ്ങിയത്. അല്ലാതെ മാധ്യമ പ്രവർത്തകരുടെ ഭാഗത്തു നിന്ന് വന്നതല്ല ആ ചോദ്യം. മീ ടൂ എന്ന ഒരു മൂവ്മെന്റ് എന്താണ് ശരിക്കും ഈ ലോകത്ത് ചെയ്തത്? ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകൾക്ക് വേണ്ടിയിട്ട് വളരെ വലിയ രീതിയിൽ മീ ടൂ സഹായിച്ചിട്ടുണ്ട്. ആ വലിയ മൂവ്മെന്റ് ഭയങ്കര മോശമാണ് എന്ന് ചിത്രീകരിക്കാൻ വേണ്ടി അദ്ദേഹം ആ വേദി ഉപയോഗിച്ചിട്ടുണ്ട്.

കാരണം മീ ടൂ ആരോപണം വന്നിട്ടുളള ഒരു വ്യക്തിയാണ് വിനായകൻ. ആ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ ജൂണിൽ തുടങ്ങാനിരിക്കുകയാണ്. അപ്പോൾ ആ ഒരു സാഹചര്യത്തിൽ വ്യക്തിപരമായ ലാഭത്തിനു വേണ്ടി ശക്തമായി വന്ന ഒരു മൂവ്മെന്റിനെ ഒരു മോശം കാര്യമായി ചിത്രീകരിക്കുകയാണ് ചെയ്തത്. കൃത്യമായി പറഞ്ഞാൽ ആണുങ്ങളായിട്ടുള്ളവർ സെക്‌സിന് വേണ്ടി സമീപിക്കുന്നതിനെ തടസ്സം നിൽക്കുന്ന ഒരു സംഗതിയാണ് മീടൂ മൂവ്മെന്റ് എന്നുള്ളതാണ് വിനായകൻ പറയാൻ ശ്രമിക്കുന്നത്. ഈ പറയുന്ന കാര്യങ്ങൾ ആൺസമൂഹത്തിലേക്ക് വിതരണം ചെയ്യുകയാണെങ്കിൽ അത് ഭയങ്കര ഒരു പേടിയായി മനസ്സിൽ നിലനിൽക്കുമെന്നും മീ ടൂ മൂവ്മെന്റിനെ ഒരു പൈശാചിക സംഭവമാക്കി വരുത്തി തീർക്കുന്നതിൽ വിജയിക്കുമെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ആ രീതിയിൽ മീ ടൂവിനെ ഫ്രെയിം ചെയ്തത്.

ജനാധിപത്യമായി ഒരു സ്ഥലത്തെ എങ്ങനെ ഉണ്ടാക്കി തീർക്കാം, സ്ത്രീകൾക്കും കൂടി പ്രാപ്തമായ അവർക്കും പൂർണ സ്വാതന്ത്ര്യത്തോടെ ഇടപെടാൻ അവകാശമുള്ള ഒരു സ്ഥലമാക്കി സിനിമ ഉൾപ്പടെ ഉള്ള ജോലി സ്ഥലങ്ങളെ മാറ്റം എന്നാണ് എല്ലാ കേസുകളിലും നമ്മൾ വാദിച്ചുകൊണ്ടിരിക്കുന്നത്. അപ്പോൾ ഇങ്ങനെ ഒരു സംഭവം തമാശയുടെ ഒന്നും പ്രശ്നമായിട്ടല്ല ഞാൻ കണക്കാക്കുന്നത്. വിനായകൻ എന്നല്ല നമ്മുടെ സൂപ്പർ സ്റ്റാറുകളാണെങ്കിലും വളരെ പ്രശസ്തമായ ആൺ സംവിധായകരാണെങ്കിലും അവരൊന്നും ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല. നമ്മളിരുന്നു നടത്തുന്ന ചർച്ച എന്തുകൊണ്ട് എല്ലാ വിഷയത്തിലും പ്രതികരിക്കുന്ന സംവിധായകരോ താരങ്ങളോ ചർച്ച ചെയ്യുന്നില്ല എന്നുള്ളത് ഒരു വലിയ വിഷയമാണ്. ഒരു സിനിമ സെറ്റിൽ സ്ത്രീകൾക്ക് വേണ്ടി മൂത്രപ്പുര സംവിധാനം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടതിന് എത്രപേരാണ് പിന്തുണച്ചിട്ടുള്ളത്.

ഇത് ആണുങ്ങളെ ഭയങ്കരമായി ബാധിക്കുന്ന കാര്യമായിരുന്നെങ്കിൽ ഇങ്ങനെ അല്ല, കേരളം കിടന്നു കത്തിയേനെ. അതാണ് സംഭവിക്കുക. നിങ്ങളൊരു ആണാണ്, നിങ്ങളെ ഈ വിഷയം ബാധിക്കുന്നില്ല എന്നുണ്ടങ്കിൽ നിങ്ങൾ തെറ്റായ ദിശയിലാണ് എന്നാണ് അർദ്ധം. ഒരു പുരുഷൻ എന്ന നിലയിൽ ഇത് അവരെയും ബാധിക്കുന്ന കാര്യമാണ്. വിനായകൻ എടുത്തെടുത്തു ആ ചർച്ചയിൽ ചോദിച്ചിരുന്നത് ‘ഞാൻ ആരെയും കയറിപ്പിടിച്ചില്ലല്ലോ എന്നാണ്’. അതായത് അദ്ദേഹത്തിന്റെ വലിയ ഒരു നേട്ടമായി കാണുന്നത് അതാണ്. ഒരു ജനാധിപത്യ സമൂഹത്തിൽ അവരുടെ സ്ഥാനം എന്താണ് എന്നാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്? അത് ഒരു തരത്തിൽ അപമാനിക്കലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker