ഓമനക്കുട്ടന്‍ സ്റ്റാറാ… ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് അദ്ദേഹം ചെയ്‌തെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി; കേസെടുത്ത നടപടി പിന്‍വലിക്കും
ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെതിരെ കേസെടുത്ത നടപടി സര്‍ക്കാര്‍ പിന്‍വലിക്കും. ചേര്‍ത്തല തെക്കു പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചതിനാണ് ഓമനക്കുട്ടനെതിരെ നടപടിയെടുത്തിരുന്നത്. അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന്‍ ചെയ്തതെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ഓമനക്കുട്ടനെതിരേ പരാതിയില്ലെന്ന് ക്യാമ്പ് അംഗങ്ങളും, മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കഴിഞ്ഞ ദിവസമാണ് ഓമനക്കുട്ടന്‍ വെള്ളം കയറി ദുരിതത്തിലായ പാവങ്ങളുടെ പക്കല്‍ നിന്നും പിരിവ് നടത്തിയതെന്ന ആരോപണം ഉയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചേര്‍ത്തല തഹസില്‍ദാര്‍ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഓമനക്കുട്ടനെ പിന്തുണച്ച് നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിന്നു.