EntertainmentNationalNews

യൂണിഫോമിലെ ചുംബന രംഗം; ‘ഫൈറ്ററി’നെതിരേ വക്കീൽ നോട്ടീസ്

മുംബൈ:സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തിയ ‘ഫൈറ്റര്‍’ സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്. ഹൃത്വിക് റോഷന്റെയും ദീപിക പദുക്കോണിന്റെയും കഥാപാത്രങ്ങള്‍ യൂണിഫോമില്‍ ചുംബിക്കുന്ന രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അസം സ്വദേശിയും വ്യോമസേനാ വിംഗ് കമാന്ററുമായ സൗമ്യ ദീപ് ദാസാണ് സിനിമക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. യൂണിഫോം ധരിച്ച് ചുംബിക്കുന്ന രംഗത്തിലൂടെ വ്യോമസേനയെ അപമാനിക്കുന്നുവെന്നാണ് ആരോപണം.

ഇന്ത്യന്‍ വ്യോമസേനയുടെ യൂണിഫോം വെറും വസ്ത്രമല്ല. ദേശ സുരക്ഷയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും ധീരതയുടെയും അച്ചടക്കത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണിത്. ഫൈറ്ററിലെ ചുംബനരംഗം വ്യോമസേനയ്ക്ക് അപമാനമാണ്. ദേശത്തെ സ്‌നേഹിക്കുന്ന തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു. യൂണിഫോം ധരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ചെയ്തിങ്ങള്‍ മൂല്യത്തിന് നിരക്കാത്തതാണ്- നോട്ടീസില്‍ പറയുന്നു.

വ്യോമസേനാ സംഘം ഭീകരാക്രമണത്തെ നേരിടുന്നതാണ് സിനിമയുടെ ഇതിവൃത്തം. യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരായ ഷംഷേര്‍ പത്താനിയ, മിനാല്‍ റാത്തോഡ് എന്നീ കഥാപാത്രങ്ങളെ യഥാക്രമം ഹൃത്വിക് റോഷനും ദീപിക പദുക്കോണും അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോഴും വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു. ഹൃത്വികിന്റെയും ദീപികയുടെയും കഥാപാത്രങ്ങളുടെ ഒരു ഇന്റിമേറ്റ് രംഗത്തില്‍ ദീപിക മോണോക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം രംഗത്ത് വന്നത്.

ഷാരൂഖ് ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഫൈറ്റര്‍’. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടി പിന്നിട്ടു കഴിഞ്ഞു. ഹൃത്വിക്, ദീപിക എന്നിവരെക്കൂടാതെ അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. വിശാല്‍-ശേഖര്‍ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ ‘പഠാന്റെ’യും ഛായാഗ്രാഹകന്‍ സത്ചിതായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker