കൊച്ചി: ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് പൊളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് പൊളിച്ച അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനായി കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റിട്ടത്. ലോക്ക് ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ക്കുകയായിരുന്നു. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നായിരുന്നു ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ്, ടോവിനോ തോമസ്, അജു വര്‍ഗീസ് സംവിധായകരായ ആഷിഖ് അബു, ബി ഉണ്ണികൃഷ്ണന്‍, മിഥുന്‍ മാനുവല്‍ തോമസ് ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി.
സംഭവത്തില്‍ ടൊവിനോയുടെ പ്രതികരണം
മിന്നല്‍ മുരളി ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു, രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷന്‍ കോറിയോഗ്രാഫര്‍ വ്ലാഡ് റിംബര്‍ഗിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍ട്ട് ഡയറക്ടര്‍ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിര്‍മ്മാണം ആരംഭിച്ചത്.ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച ഈ സെറ്റില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍പാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും , ഞങ്ങളുടേതുള്‍പ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കുന്നതും.
വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാന്‍ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിര്‍ത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ തകര്‍ത്തത്. അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ല.
വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്..
ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും. അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.
സിനിമ സെറ്റുകണ്ടാല്‍ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുക തന്നെ വേണമെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കുമെന്നും മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും ആഷിക് പറഞ്ഞു.