
കണ്ണൂർ: റോഡ് തടഞ്ഞു സമരം ചെയ്തതിന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കണ്ടാലറിയാവുന്ന പതിനായിരം പേർക്കുമെതിരെ കേസെടുത്ത് പൊലീസ്. കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഎം നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തിനിടെയായിരുന്നു റോഡ് തടയൽ. ഹൈക്കോടതി ഉത്തരവ് ലംഘിച്ചു വഴി തടഞ്ഞ് സമരം ചെയ്തതിന് ടൗൺ പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരും പ്രതികളാണ്.
ഉപരോധത്തിനു മുന്നോടിയായി പാർട്ടിക്ക് പൊലീസ് നോട്ടിസ് നൽകിയിരുന്നു. ജനാധിപത്യ മര്യാദ കണക്കിലെടുത്തു നോട്ടിസ് വാങ്ങിച്ച് പോക്കറ്റിലിട്ടെന്നും ഈ ചൂടുകാലത്ത് ഒരിക്കൽ കൂടി ജയിലിൽ പോകുന്നതിന് മടിയില്ലെന്നുമാണ് ഉപരോധസമരത്തിൽ എം.വി.ജയരാജൻ പ്രസംഗിച്ചത്. ഒരിക്കൽ പ്രസംഗിച്ചതിന് ജുഡീഷ്യറി തന്നെ ജയിലേക്ക് അയച്ചതാണെന്നും കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ഏതറ്റം വരെയും പോരാടുമെന്നും ജയരാജൻ പറഞ്ഞു.
ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധം രാവിലെ 9നു കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്നതിനെതിരെയുമായിരുന്നു പ്രതിഷേധം. പരിപാടിയുടെ പ്രചാരണത്തിനായി, ‘കേരളമെന്താ ഇന്ത്യയിലല്ലേ’ എന്ന ചോദ്യമുയർത്തി 18 ഏരിയകളിലും കാൽനട പ്രചാരണ ജാഥ നടത്തിയിരുന്നു.