FeaturedHome-bannerKeralaNews

‘കാണാമറയത്ത്’ നരഭോജി കടുവ; വയനാട്ടില്‍ നാലിടങ്ങളില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളില്‍ സഞ്ചാര വിലക്ക്

കല്‍പറ്റ: വയനാട് ഭീതി പരത്തുന്ന നരഭോജി കടുവയെ ഇനിയും പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിമുതല്‍ 48 മണിക്കൂര്‍ സമയത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.

കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ സഞ്ചാര വിലക്കുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ അടച്ചിടണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. പരീക്ഷകള്‍ക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൗണ്‍സിലര്‍മാരെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കടുവയെ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയിരുന്നു.

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ കൂടുതല്‍ സംഘങ്ങള്‍. 10 സംഘങ്ങളാണ് വയനാട്ടിലേക്ക് ഇതിനായി എത്തുക. ഓരോ സംഘത്തിലും എട്ടുപേര്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. പൊലീസിലെ ഷാര്‍പ്പ് ഷൂട്ടേഴ്‌സും സംഘത്തില്‍ ഉള്‍പ്പെടും. അടിയന്തര ആവശ്യങ്ങള്‍ക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് പണം കൈമാറുക. ഇന്ന് ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. കടുവയെ എത്രയും വേഗം വെടിവെച്ച് കൊല്ലും. പഞ്ചാരക്കൊല്ലി മേഖലയില്‍ കര്‍ഫ്യൂ ശക്തമാക്കും. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഡോ ശാരദ മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം, പ്രതിഷേധങ്ങള്‍ക്കിടയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടുകാരുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തി. വഴിയിലുടനീളം മന്ത്രിക്കെതിരെ ജനരോഷമിരമ്പി. വഴിയില്‍ കിടന്നും ഇരുന്നും ജനങ്ങള്‍ പ്രതിഷേധിച്ചതോടെ മന്ത്രിക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെയായി. മുന്‍ പ്രസ്താവനകള്‍ മന്ത്രി പിന്‍വലിക്കണം എന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കാട്ടില്‍ നിന്ന് രാധ ആക്രമിക്കപ്പെട്ടു എന്ന പ്രസ്താവന പിന്‍വലിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പ്രതിഷേധം രാഷ്ട്രീയ പ്രേരിതം എന്ന പ്രസ്താവനയും പിന്‍വലിക്കാന്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധവും നടന്നു.

കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ തന്നെയാണ് നേരത്തെ അറിയിച്ചത്. അനുയോജ്യമായ സ്ഥലത്ത് വെച്ച് വെടി വെച്ചു കൊല്ലും.കടുവയെ ഇനി മയക്കുവെടി വെക്കില്ലെന്നും പ്രദേശത്ത് ഒന്നാം തീയതിക്കകം കൂടുതല്‍ ക്യാമറ സ്ഥാപിക്കും. അടിക്കാടുകള്‍ മൂന്നു ഘട്ടമായി വെട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker