കൊല്ലം: ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. മറ്റുള്ളവരുടെ നില ഗുരുതരമാണ്. രണ്ടുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
എം.സി. റോഡിൽ ചടയമംഗലം നെട്ടേത്തറയിൽ രാത്രി 11.30-ഓടെയായിരുന്നു അപകടം. കന്യാകുമാരി ജില്ലയിലെ വേണ്ടളിക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
തെറ്റായ ദിശയിൽ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. എന്നാൽ ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പ്രതികരിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി.
മരിച്ചവരിൽ ഒരാളുടെ മൃതദേഹം കടയ്ക്കൽ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു യുവാവിന്റെ നില അതീവ ഗുരുതരമാണ്. ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.