അമേരിക്കൻ മദ്യത്തിന് വിലക്ക്, ഔട്ട്ലെറ്റ് വെബ്സൈറ്റ് താൽകാലികമായി പൂട്ടി; തിരിച്ചടിച്ച് കാനഡയും

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക തീരുവ ചുമത്തലിനെതിരെ തിരിച്ചടിച്ച് കാനഡയിലെ പ്രവിശ്യകളും. അമേരിക്കൻ മദ്യത്തിന് വിലക്ക് ഏർപ്പെടുത്തി ഒന്റാരിയോ. അമേരിക്കൻ മദ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്ലെറ്റ് ശൃംഘലയായ LCBO വെബ്സൈറ്റ് താൽകാലികമായി പൂട്ടി.
അമേരിക്കൻ മദ്യം ഔട്ട്ലെറ്റുകളിൽ നിന്ന് നീക്കാൻ സർക്കാർ നിർദേശം നൽകി. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായുള്ള കരാറും ഒന്റാരിയോ നിർത്തലാക്കും. അമേരിക്കൻ കമ്പനികൾക്ക് നൽകിയ സർക്കാർ കരാറുകൾ നിർത്തലാക്കാൻ നോവ സ്കോഷ്യ പ്രവിശ്യ. കൂടാതെ 1256 അമേരിക്കൻ ഉല്പന്നങ്ങൾക്കും കാനഡ അധിക നികുതി ചുമത്തി.
ആഗോള വ്യാപാര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും രംഗത്ത് വന്നിരുന്നു. അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെള്ള അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികൾക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ചൈനയുടെ ഈ തീരുമാനവും നിർണയാകമാകും.