അമേരിക്കയ്ക്ക് കാനഡയുടെ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ചു

ഒട്ടാവ: 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ പ്രഖ്യാപിച്ചു. കനേഡിയൻ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് അമേരിക്കൻ നികുതി ചുമത്തിയതിന് പിന്നാലെയാണ് ബുധനാഴ്ച കാനഡ 29.8 ബില്യൺ കാൻ ഡോളർ (20.7 ബില്യൺ ഡോളർ) മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച പ്രാബല്യത്തിൽ വരുന്ന കനേഡിയൻ താരിഫ് കമ്പ്യൂട്ടറുകളും സ്‌പോർട്‌സ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളെ ബാധിക്കുമെന്ന് ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 25 ശതമാനം ലെവി ചുമത്തിയതിന് മറുപടിയായായാണ് കാനഡയുടെ നടപടി. ഇത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് ലെബ്ലാങ്ക് വിശേഷിപ്പിച്ചു.
കാനഡ, മെക്സിക്കോ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വന്നതായി പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങളിൽ നിന്ന് 25 ശതമാനം തീരുവ ഈടാക്കുമെന്ന് കഴിഞ്ഞ മാസം അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഒരു മാസത്തേക്ക് തീരുവ നടപടികൾ ട്രംപ് മരവിപ്പിച്ചിരുന്നു.
മരവിപ്പിക്കൽ കാലാവധി കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇളവില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇതിനൊപ്പം തന്നെ ചൈനക്കെതിരെ 10 ശതമാനം അധിക തീരുവയും ഇന്ന് മുതൽ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്‍റെ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.