ഇസ്ലാമാബാദ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ സിംബാബ്വെ അട്ടിമറി വിജയം നേടിയാല് സിംബാബ്വെ പൗരനെ വിവാഹം കഴിയ്ക്കുമെന്ന് പാകിസ്ഥാൻ ചലച്ചിത്ര നടി സെഹർ ഷിൻവാരി. ട്വീറ്ററിലാണ് താരം ഇക്കാര്യം പറഞ്ഞത്. നവംബർ ആറിനാണ് ഇന്ത്യ-സിംബാബ്വെ മത്സരം.
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ഇന്ത്യ തോൽക്കണമെന്ന് പറഞ്ഞ് ഷിവാരി തുടർച്ചയായി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യ ജയിച്ചു. അതിന് പിന്നാലെയാണ് ഇന്ത്യയെ തോൽപ്പിച്ചാൽ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കുമെന്ന പ്രഖ്യാപനവുമായി താരം രംഗത്തെത്തിയത്. അതേസമയം, താരത്തെ ട്രോളിയും നിരവധിയാളുകൾ രംഗത്തെത്തി.
ഇന്ത്യൻ ടീമിനെതിരെ താരം മുമ്പും പരിഹാസ ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. ഈ ലോകകപ്പിൽ സിംബാബ്‌വെ പാകിസ്ഥാനെ ഒരു റണ്ണിന് തോൽപ്പിച്ചിരുന്നു. അതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് താരം സോഷ്യൽമീഡിയയിൽ സജീവമാകുന്നത്. സിംബാബ്‌വെയോടേറ്റ അപ്രതീക്ഷിത തോൽവിയാണ് പാകിസ്ഥാന് തിരിച്ചടിയായത്. നിലവിൽ പാകിസ്ഥാന്റെ സെമി പ്രവേശനം പ്രതിസന്ധിയിലാണ്.
ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി സെമി സാധ്യതകൾ നിലനിർത്തി പാക്കിസ്ഥാൻ.33 റൺസിനാണു പാക്കിസ്ഥാന്റെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മഴ കാരണം വിജയലക്ഷ്യം 14 ഓവറിൽ 142 ആയി ചുരുക്കിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുക്കാനേ സാധിച്ചുള്ളൂ.
മധ്യനിര താരങ്ങളുടെ മികവിലാണ് പാക്കിസ്ഥാൻ മികച്ച വിജയലക്ഷ്യം ഉയര്‍ത്തിയത്. ഇഫ്തിഖർ അഹമ്മദും (35 പന്തിൽ 51), ശതബ് ഖാനും (22 പന്തിൽ 52) അർധ സെഞ്ചറി നേടി. ക്യാപ്റ്റൻ ബാബർ അസമിനും ഓപ്പണർ മുഹമ്മദ് റിസ്വാനും തിളങ്ങാനായില്ല. റിസ്വാൻ നാലു പന്തിൽ നാലു റൺസെടുത്തപ്പോൾ ബാബർ 15 പന്തിൽ ആറു റൺസ് മാത്രമാണു സ്വന്തമാക്കിയത്.
മുഹമ്മദ് ഹാരിസ് (11 പന്തിൽ 28), മുഹമ്മദ് നവാസ് (22 പന്തിൽ 28) എന്നിവരും പാക്കിസ്ഥാനു വേണ്ടി തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആന്‍റിച് നോർട്യ നാലു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ക്വിന്റൻ ഡികോക്കിനെയും (പൂജ്യം), റിലീ റൂസോയെയും (ആറു പന്തിൽ ഏഴ്) ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായി. 19 പന്തിൽ 36 റൺസെടുത്ത ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
ദക്ഷിണാഫ്രിക്കൻ സ്കോർ ഒന്‍പത് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 69 എന്ന നിലയിലുള്ളപ്പോൾ മഴയെത്തി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 14 ഓവറിൽ 142 റൺസ് ആക്കി ചുരുക്കി. 30 പന്തിൽ വേണ്ടത് 73 റൺസ്. പാക്ക് ബോളര്‍മാർ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി.
ബാവുമയ്ക്കു പുറമേ എയ്ഡൻ മാര്‍ക്രം (14 പന്തിൽ 20), ഹെൻറിച് ക്ലാസൻ (ഒൻപതു പന്തിൽ 15), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 18) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി രണ്ടക്കം കടന്ന ബാറ്റർമാര്‍. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 14 ഓവറിൽ ഒൻപതിന് 108 എന്ന നിലയില്‍ അവസാനിച്ചു. തോറ്റെങ്കിലും ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയ്ക്കു കീഴെ രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക തുടരുകയാണ്. നാലു കളികളിൽ നിന്ന് രണ്ട് ജയമുള്ള അവർക്ക് അഞ്ചു പോയിന്റാണുള്ളത്. നാലു പോയിന്റുമായി പാക്കിസ്ഥാൻ മൂന്നാമതുണ്ട്.