രാജസ്ഥാനില്‍ നിന്ന് ഒട്ടകത്തെ പാലക്കാടെത്തിച്ച് കശാപ്പ് ചെയ്തു; രണ്ടു പേര്‍ അറസ്റ്റില്‍, ഒരു കിലോ ഇറച്ചി വിറ്റത് 500 രൂപയ്ക്ക്
പാലക്കാട്: ഒട്ടകത്തെ രാജസ്ഥാനില്‍ നിന്ന് പാലക്കാടെത്തിച്ച് കശാപ്പ് ചെയ്ത രണ്ടു പേര്‍ അറസ്റ്റില്‍. തരിശ് പെരുമ്പിലാന്‍ ഷൗക്കത്തലി (52), പെരിന്തല്‍മണ്ണ മേലേതില്‍ ഹമീദ് (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഒക്ടോബര്‍ 12ന് ആണ് സംഭവം. പാലക്കാട്ടുള്ള ഏജന്റുമാരുടെ സഹായത്തോടെ ഒട്ടകത്തെ നാട്ടിലെത്തിക്കുകയായിരുന്നു. ഇവിടെയുള്ളവര്‍ക്കും ഒട്ടകമാംസത്തിന്റെ രുചി പരിചയപ്പെടുത്തുക എന്ന ലക്ഷ്യംവച്ചാണ് കശാപ്പിന് ഒട്ടകത്തെ നാട്ടിലെത്തിച്ചത്.
രാജസ്ഥാനില്‍നിന്ന് പാലക്കാട്ട് എത്തിച്ച ഒട്ടകത്തെ പിന്നീട് ലോറിയില്‍ കരുവാരകുണ്ട് തരിശില്‍ കൊണ്ടുവന്നു. ഒട്ടകത്തെ കാണാന്‍ ജനം പല ഭാഗത്തുനിന്നും കൂട്ടമായെത്തിയതോടെ കക്കറയിലെ വിജനമായ സ്ഥലത്തേക്ക് മാറ്റി. കശാപ്പ് ചെയ്യാനും പാലക്കാട്ടുനിന്ന് വിദഗ്ധര്‍ എത്തിയിരുന്നു. ഒട്ടകത്തിന്റെ ഇറച്ചി വില്‍പ്പനയ്ക്ക് തയ്യാറായതോടെ വാങ്ങാന്‍ ജനങ്ങളും കൂടി. കിലോയ്ക്ക് 500 രൂപ നിരക്കിലാണ് 250 കിലോഗ്രാം മാംസം വിറ്റത്. രാജസ്ഥാനില്‍നിന്ന് മറ്റു സംസ്ഥാനത്തേക്ക് ഒട്ടകത്തെ കടത്തുന്നതിന് നിരോധനമുണ്ട്. അതേസമയം ഒട്ടകത്തിന്റെ ഇറച്ചി വില്‍പ്പന വിവാദമായതോടെ രണ്ടാമത് കൊണ്ടുവന്ന ഒട്ടകത്തെ തിരിച്ചുകൊണ്ടുപോയെന്നാണ് വിവരം.