കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി. എന്‍ മോഹനനെ ജില്ലാ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് അദ്ദേഹം സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പത്ത് പുതുമുഖങ്ങള്‍ ഉള്‍പ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു. സംസ്ഥാന കമ്മറ്റി അംഗമായ സി.എന്‍. മോഹനന്‍ 2018 ലാണ് ആദ്യം ജില്ലാ സെക്രട്ടറി ആയത്.
വിദ്യാര്‍ഥി, യുവജന രംഗങ്ങളിലൂടെയാണ് സി.എന്‍. മോഹനന്‍ പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതല്‍ 2000 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി. ‘1992-93ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡല്‍ഹി സെന്ററിലും പ്രവര്‍ത്തിച്ചു. 2000-2005ല്‍ സി.പി.എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി.
2012ല്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പതിനൊന്നുവര്‍ഷം ദേശാഭിമാനി കൊച്ചി യൂനിറ്റ് മാനേജരായിരുന്നു. ജി.സി.ഡി.എ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ കൗണ്‍സില്‍ അംഗം, കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ജില്ലാ പ്രസിഡന്റ്, ഇ.എം.എസ് പഠന കേന്ദ്രം, ടി.കെ രാമകൃഷ്ണന്‍ സാംസ്‌കാരിക കേന്ദ്രം ചുമതലകളുമുണ്ട്.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍നിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവുമെടുത്തു. കുറച്ചുകാലം അഭിഭാഷകനായും പ്രവര്‍ത്തിച്ചു. അതേസമയം കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതില്‍ പാര്‍ട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളന വിലയിരുത്തല്‍. പാര്‍ട്ടിയെ ഒറ്റു കൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ല എന്നാണ് നിലപാട്. സിപിഐക്കെതിരെ അതിരൂക്ഷ വിമര്‍ശനം സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചു.
സ്വന്തം കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയതില്‍ തെറ്റില്ലെന്നാണ് സമ്മേളന പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. കൂത്താട്ടുകുളം ഏരിയ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. പാര്‍ട്ടിയെ പിന്നോട്ട് അടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യം. ജില്ലയിലെ നേതാക്കള്‍ക്ക് പലര്‍ക്കും ഫോണ്‍മാനിയ എന്നും പ്രതിനിധികള്‍ പരിഹസിച്ചു. താടിയും മീശയും വടിക്കുന്നത് പോലും വാര്‍ത്തയാക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയില്ലെന്നായിരുന്നു വിമര്‍ശനം.
ഘടകകക്ഷിയായ സിപിഐക്കെതിരെയും അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പലപ്പോഴും സിപിഐ നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധത്തിന് ഒപ്പം സഞ്ചരിക്കുന്ന നിലപാട് ശരിയല്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മൂന്നു ദിവസം നീണ്ടുനിന്ന എറണാകുളം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.