കൊച്ചി: സമീപ ദിവസങ്ങളില്‍ കേരളത്തിലെ ട്രെയിനുകളില്‍ നടന്ന വന്‍ കവര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാരോടും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരോടും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍ ആവശ്യപ്പെട്ടു.
പാന്‍ട്രി, ശുചീകരണ കരാര്‍ ജീവനക്കാരുടെ തിരിച്ചറിയല്‍ രേഖ/ പോലീസ് ക്ലിയറന്‍സ് കര്‍ശനമായി പരിശോധിക്കേണ്ടതാണ്. ഓരോ ട്രെയിനിലും നിയോഗിക്കുന്ന ഇത്തരം ജീവനക്കാരുടെ പട്ടിക അതാതു ദിവസം തന്നെ റെയില്‍വേ, പോലീസ് അധികാരികള്‍ ശേഖരിക്കേണ്ടതാണ്. വനിത/എ.സി കോച്ചുകളില്‍ പോലീസ് സാന്നിദ്ധ്യം തടയുന്ന നടപടി ഒഴിവാക്കേണ്ടതാണ്. തിരിച്ചറിയല്‍ രേഖയില്ലാതെ ട്രെയിനില്‍ വച്ച് ടിക്കറ്റ് കണ്‍വേര്‍ഷന്‍ നല്‍കുന്ന രീതി അവസാനിപ്പിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന അഴിമതി വിജിലന്‍സ് വിഭാഗത്തിന്റെ തുടര്‍ച്ചയായ പരിശോധനയിലൂടെ ഒഴിവാക്കേണ്ടതാണ്.
കൂടാതെ സംസ്ഥാന പോലീസ് മേധാവി റെയില്‍വേ അധികാരികളോട് ശുപാര്‍ശ ചെയ്ത സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും ഫ്രണ്ട്‌സ് ഓണ്‍ റെയില്‍ ആവശ്യപ്പെട്ടു.