തിരുവനന്തപുരം അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യത. രാവിലെ ഏഴിനു പുറപ്പെടുവിട്ട ജാഗ്രതാനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്. അതിനിടെ ബുറേവി ചുഴലിക്കാറ്റിന്റെ തീവ്രത കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച രാത്രി ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ബുറേവി ചുഴലിക്കാറ്റ് വ്യാപകനാശത്തിനിടയാക്കി. ജാഫ്‌നയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടത്തും വൈദ്യുതബന്ധവും തടസ്സപ്പെട്ടു. 75,000ത്തോളം പേരെയാണ് പ്രതിരോധ നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ സുരക്ഷാ സ്ഥാനത്തേക്കു മാറ്റിയിരുന്നത്. ശ്രീലങ്കന്‍ തീരം വിട്ട ചുഴലിക്കാറ്റ് നിലവില്‍ ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ. ഉച്ചയോടെ കന്യാകുമാരിക്കും പാമ്പനും ഇടയില്‍ തീരം തൊടും.