തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലെ കൂട്ടകോപ്പിയടിയെ കുറിച്ച് കൂടുതല്‍ കണ്ടെത്തലുകളുമായി സര്‍വകലാശാല അധികൃതര്‍ രംഗത്ത്. 28 മൊബൈല്‍ ഫോണുകളാണ് നാല് കോളജുകളില്‍ നിന്ന് പിടിച്ചെടുത്തത്. കോപ്പിയടി, ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും, സബ് ഗ്രൂപ്പുകളും ഉണ്ടാക്കിയായിരുന്നു. സര്‍വകലാശാല അധികൃതര്‍ ക്രമക്കേട് നടന്ന കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം നടന്നത് മുന്‍പ് റദ്ദാക്കിയ മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയാണ്. ഇന്‍വിജിലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍ പുറത്തുവച്ച് മറ്റൊരു ഫോണുമായാണ് വിദ്യാര്‍ഥികള്‍ പരീക്ഷാഹാളിലേക്ക് പ്രവേശിച്ചതെന്നും കണ്ടെത്തി. ഒരു കോളജില്‍നിന്ന് മാത്രം 16 ഫോണുകളാണ് പിടിച്ചെടുത്തത്. മറ്റൊരു കോളേജില്‍ നിന്ന് 10 ഫോണുകളും വിദ്യാര്‍ഥികളില്‍നിന്ന് പിടികൂടി.
ഹൈടെക്ക് കോപ്പിയടിക്കായി ഒട്ടേറെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഏകദേശം 75 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂട്ട കോപ്പിയടി കണ്ടെത്തിയ സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാല പ്രിന്‍സിപ്പല്‍മാരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. കോപ്പിയടി നടന്ന നാലു കോളജുകളും അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സാങ്കേതിക സര്‍വകലാശാല നിര്‍ദേശിച്ചു.