കാഞ്ഞങ്ങാട്: അനുജന്റെ വീട് ജ്യേഷ്ഠന്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. അജാനൂര്‍ ചിത്താരി വാണിയം പാറയിലെ പ്രവാസിയായ അഷറഫിന്റെ വീടാണ് അതിക്രമിച്ച് കടന്ന് ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. അഷറഫിന്റെ ജ്യേഷ്ഠന്‍ ഹക്കീമും ഭാര്യയും അവരുടെ ബന്ധുക്കളായ നൗഷാദ്, മാഹിന്‍, അബ്ദുള്ള, അസൈനാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം തകര്‍ത്ത്.
അഷറഫ് കുടുംബസമേതം ഗള്‍ഫില്‍ താമസമാണ്. കോണ്‍ക്രീറ്റ് വീടിന്റെ രണ്ട് ബെഡ് റൂമുകളും, രണ്ടുബാത്തുറൂമുകളും മുഴുവനായും തകര്‍ത്തു. വീടിന് ഫിറ്റ് ചെയ്തിരുന്ന എസിയും, കട്ടിലുകളും മറ്റ് ഫര്‍ണിച്ചറുകളും ഹക്കീമും ഭാര്യയും കടത്തിക്കൊണ്ടുപോയി. അയല്‍വാസികള്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഷറഫിന്റെ സ്വത്തുകള്‍ നോക്കി നടത്തുന്ന ഉബൈദ് ഹോസ്ദുര്‍ഗ് പോലീസ് പരാതി നല്‍കി. പോലീസ് എത്തി വീട് പൊളിച്ച് നീക്കുന്നത് തടഞ്ഞു. പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുത്തു.
അഷറഫിന്റെ പിതാവ് മൊയിലാക്കിരിയത്ത് മമ്മുഞ്ഞി ഹാജി എഴുതി നല്‍കിയ ചിത്താരി വില്ലേജില്‍ പെട്ട 14 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച വീടാണ് അനുജന്‍ നാട്ടിലില്ലാത്ത സമയം നോക്കി ജ്യേഷ്ഠന്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. സ്വന്തം വീട് പുറമേ കാണുന്നതിന് വേണ്ടിയാണ് ഹക്കീം വീട് പൊളിച്ച് മാറ്റാന്‍ ശ്രമിച്ചതെന്ന് പറയപ്പെടുന്നു. വീട് പൊളിച്ചതില്‍ അഷറഫിന് 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഹക്കീമിന്റെയും ഭാര്യയുടേയും പേരില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.