ബ്രേക്ക് ദി ചെയിന്‍,കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ പുതിയ ക്യാമ്പയിന്‍
തിരുവനന്തപുരം:കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ലക്ഷ്യം. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ഥാപനത്തിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പ് ഹാന്‍ഡ്സാനിറ്റര്‍ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യും. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക്ക് ദി ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് ബ്രേക്ക് ദി ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തിയായി കയറണമെന്ന് ഉറപ്പ് വരുത്തുകയും വേണം. ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കാവുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന ക്യാമ്പയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.