ന്യൂഡല്‍ഹി : ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച കോവാക്‌സിന്റെ ഇറക്കുമതി നിര്‍ത്തിവച്ച് ബ്രസീല്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 20 ദശലക്ഷം വാക്സീന്‍ ഡോസുകളാണ് ബ്രസീല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇറക്കുമതിക്കുള്ള അനുമതി നിഷേധിക്കുന്നതായി ബ്രസീല്‍ സര്‍ക്കാര്‍ ഭാരത് ബയോടെക്കിനെ അറിയിച്ചു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സീന്‍ അടിയന്തര ഉപയോഗത്തിനായി ജനുവരിയിലാണ് അനുമതി നല്‍കിയത്. ക്ലിനിക്കല്‍ ട്രയല്‍ രീതിയില്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി ലഭിച്ചിരുന്നത്.
മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ വാക്സീന്റെ ഇടക്കാല ഫലപ്രാപ്തി 81 ശതമാനമാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യം ഇത് ക്ലിനിക്കല്‍ ട്രയല്‍ രീതിയില്‍നിന്നു മാറ്റിയിരുന്നു. വൈറസിന്റെ യുകെ വകഭദത്തിനെതിരെയും വാക്സീന്‍ ഫലപ്രദമാണെന്നാണ് ഭാരത് ബയോടെക് അറിയിച്ചത്.
വാക്സീന്‍ നിര്‍മിക്കുന്ന രീതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇറക്കുമതി വേണ്ടെന്നുവച്ചതെന്നാണ് ബ്രസീലിന്റെ വിശദീകരണം. എന്നാല്‍ പരിശോധന സമയത്ത് ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും അവ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി ബ്രസീലുമായി ചര്‍ച്ച ചെയ്ത് ഉടന്‍ തീര്‍പ്പാക്കുമെന്നും ഭാരത് ബയോടെക് ദേശീയ മാധ്യമത്തെ അറിയിച്ചു.