എ.ഐയ്‌ക്കെതിരെ അനില്‍ കപൂറിന് വിജയം; ചിത്രങ്ങളുള്‍പ്പെടെ ഉപയോഗിക്കുന്നത് വിലക്കി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: എ ഐ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് നടത്തുന്ന വ്യാജ ചിത്രീകരണങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച് ബോളിവുഡ് താരം അനില്‍ കപൂര്‍. വ്യക്തിത്വവും കീര്‍ത്തിയും അവകാശമായി അംഗീകരിച്ചാണ് അനില്‍ കപൂറിന് അനുകൂലമായ ഡല്‍ഹി ഹൈക്കോടതിയുടെ വിധി. അനില്‍ കപൂറിന്റെ ചിത്രങ്ങളും വ്യക്തിത്വവും വാണിജ്യ ഉദ്ദേശ്യങ്ങളോടെ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകളിലും ഇതുപയോഗിക്കുന്നതും കോടതി വിധിക്ക് വിരുദ്ധമാണ്.
അനില്‍ കപൂറിന്റെ പേര്, ശബ്ദം, ചിത്രം, സംഭാഷണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനാണ് വിലക്ക്. വ്യാപാര ഉത്പന്നങ്ങള്‍, റിംഗ് ടോണുകള്‍ തുടങ്ങിയ ഒന്നിലും അനില്‍ കപൂറിന്റെ പേര് ഉപയോഗിക്കാനാവില്ല. ഉപയോഗിക്കുന്നുവെങ്കില്‍ അനില്‍ കപൂറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ജസ്റ്റിസ് പ്രതിഭ എം സിംഗിന്റെ വിധിയില്‍ പറയുന്നു.
അനില്‍ കപൂറിന്റെ ചിത്രങ്ങള്‍ എ ഐ വഴി ഉപയോഗിക്കുന്നതിലും വിലക്ക് ഉള്‍പ്പെടും. താരത്തിന്റെ ജിഫ് ചിത്രങ്ങള്‍ വ്യാപാരാര്‍ത്ഥമോ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടോ ഉപയോഗിക്കുന്നതിനും ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ഈ വിധത്തില്‍ ഉപയോഗിച്ചാല്‍ അനില്‍ കപൂറിന്റെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കപ്പെട്ടതായി കണക്കാക്കും.
അനില്‍ കപൂര്‍ ഡോട് കോം ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനം നിര്‍ത്തണം. സൈറ്റുകളുടെ പ്രവര്‍ത്തനം സമ്പൂര്‍ണ്ണമായി തടയണമെന്നും ഉത്തരവിലുണ്ട്. ഇത്തരം വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയ നിര്‍ദ്ദേശം. ഇന്റര്‍നെറ്റില്‍ ഉപയോഗിച്ചവ തടയാന്‍ ആവശ്യമായ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കണം.
അശ്ലീല ദൃശ്യങ്ങളില്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചെങ്കില്‍ അതും തടയണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അനില്‍ കപൂറിന്റെ ഹ്രസ്വനാമമായ ‘എകെ’ എന്ന് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ ഉള്‍പ്പടെയുള്ളവ അനില്‍ കപൂറിന്റെ ബൗദ്ധിക സ്വത്തുക്കള്‍ ഉപയോഗിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടുള്ള ഹര്‍ജിയിലാണ് വിധി.
നേരത്തെ മുതിര്‍ന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ നല്‍കിയ ഹര്‍ജിയിലും സമാന ഉത്തരവ് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ള അതിപ്രശസ്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് ഹൈക്കോടതിയുടെ രണ്ട് വിധികളും.
വിധിയെ അനില്‍ കപൂര്‍ സ്വാഗതം ചെയ്തു. പുരോഗമനപരമായ കോടതി വിധിയെന്നാണ് ഉത്തരവിനെ സിനിമാ താരം വിശേഷിപ്പിച്ചത്. സഹതാരങ്ങള്‍ക്ക് കൂടി പ്രയോജനകരമാകുന്ന വിധിയാണിതെന്ന് അനില്‍ കപൂര്‍ പ്രതികരിച്ചു. ആരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ല. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കാലത്ത് സ്വന്തം വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണിതെന്നും അനില്‍ കപൂര്‍ വ്യക്തമാക്കി.