ഇടുക്കി:റെയില്‍വേ കണക്റ്റിവിറ്റി ഇല്ലാത്ത ജില്ലയായ ഇടുക്കിയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമമായ ബോഡിനായ്ക്കന്നൂരിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്‍. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ഈ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തതോടെ ഇടുക്കി ജില്ലയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായി ബോഡിനായ്ക്കന്നൂര്‍ മാറി. ടൂറിസം മേഖലയിലും ജില്ലയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിലും വളര്‍ച്ചയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ ട്രെയിന്‍ സര്‍വീസ്.
ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്ക്കനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താം. ഇടുക്കി ജില്ലക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പുതിയ സര്‍വീസുകള്‍ ഉപകാരപ്രദമാകും.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍നിന്ന് ബോഡിനായ്ക്കന്നൂരിലേക്കും ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ബോഡിനായ്ക്കനൂരില്‍നിന്ന് ചെന്നൈയിലേക്കും സര്‍വീസ് നടത്തും. ഉസിലംപെട്ടി, ആണ്ടിപ്പട്ടി, തേനി ഇന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. എല്ലാ ദിവസവും മധുര-ബോഡി റൂട്ടില്‍ അണ്‍റിസേര്‍വഡ് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും. മധുരയില്‍നിന്ന് രാവിലെ 8.20-ന് ആരംഭിക്കുന്ന ട്രെയിന്‍ 9.42-ന് തേനിയിലും 10.30-ന് ബോഡിയിലും എത്തും. തിരികെ വൈകീട്ട് 5.50-ന് ബോഡിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.50-ന് മധുരയിലെത്തും.