കോവിഡ്-19,നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപോകാതിരിയ്ക്കാന്‍ ഇനി ചാപ്പ കുത്തൽ
മുംബൈ:കോവിഡ്-19,നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപോകാതിരിയ്ക്കാന്‍ ചാപ്പ കുത്തുന്നു.കോവിഡ്-19 നെ നിയന്ത്രണ വിധേയമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് കര്‍ശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതു കയ്യില്‍ സീല്‍ പതിപ്പിക്കുന്ന നടപടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ഇവര്‍ ചാടിപ്പോയാല്‍ ആളുകള്‍ക്ക് തിരിച്ചറിയാനും, മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാനുമാണ് സര്‍ക്കാറിന്റെ നടപടി.
നിലവില്‍ 108 പേര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും, 621 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 442 പേരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗ ബാധിത പ്രദേശത്തുനിന്ന് വരുന്നവരെയാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്
പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതു പരിപാടികള്‍ നിര്‍ത്തിവയ്ക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനും സര്‍ക്കാര്‍ തിങ്കളാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.