കണ്ണൂര്‍: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പി.പി.ഇ കിറ്റില്‍ രക്തക്കറ. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്സുമാര്‍ക്ക് ധരിക്കാന്‍ നല്‍കിയ പിപിഇ കിറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊവിഡ് രോഗികളെ പരിചരിക്കാന്‍ ഡ്യൂട്ടിക്കെത്തിയ നഴ്സുമാര്‍ പിപിഇ കിറ്റ് ധരിക്കാനായി പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് രക്തക്കറ ശ്രദ്ധയില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് മറ്റൊന്ന് പൊട്ടിച്ചപ്പോഴും രക്തക്കറ കണ്ടതോടെ ആ ബാച്ചിലെ കിറ്റുകള്‍ മുഴവന്‍ പരിശോധിച്ചപ്പോള്‍ മിക്കതിലും രക്തക്കറ കണ്ടെത്തി.
ഉടന്‍ പ്രിന്‍സിപ്പാളിനേയും മെഡിക്കല്‍ സൂപ്രണ്ടിനേയും വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ കിറ്റ് വിതരണം ചെയ്ത സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ വിവരമറിയിക്കുകയും ചെയ്തു. ഉപയോഗിച്ച പി പി ഇ കിറ്റുകള്‍ റീ പാക്ക് ചെയ്തതാവാമെന്ന നിഗമനത്തെതുടര്‍ന്ന് നഴ്സുമാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലി ചെയ്യുമ്പോള്‍ ഒരു സുരക്ഷാ മാര്‍ഗമായി കാണുന്ന പി പി ഇ കിറ്റിലും ഇത്തരത്തില്‍ കൃത്രിമം നടത്തിയാല്‍ എങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷിതത്വത്തോടെ ജോലി ചെയ്യുമെന്നും ഇവര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്ത ഡിസ്‌പോസിബിള്‍ സിറിഞ്ചിലും രക്തക്കറ കണ്ടിരുന്നു.
ഈ വിവരം നഴ്‌സുമാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചപ്പോള്‍ ആരോടും ഒന്നും പറയേണ്ട എന്ന നിര്‍ദ്ദേശമാണത്രേ നഴ്‌സുമാര്‍ക്ക് ലഭിച്ചത്. ഉപയോഗിച്ച പി പി ഇ കിറ്റും സിറിഞ്ചുമൊക്കെ പുതിയ പായ്ക്കറ്റിലാക്കി വീണ്ടും എത്തുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുകയാണ്. ആവശ്യത്തിന് പിപി ഇ കിറ്റ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ലെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.