‘കൂടുതൽ സന്തോഷം നൽകുന്നത് ഗോകുലിന് ലഭിച്ച പ്രത്യേക ജൂറി പരാമർശം’; പുരസ്കാര നേട്ടത്തിൽ ബ്ലെസി
കൊച്ചി: സംവിധാനം ചെയ്ത എട്ട് സിനിമകളിൽ നാലെണ്ണത്തിന് പുരസ്‌കാരം ലഭിച്ചെന്ന് പറയുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് സംവിധായകൻ ബ്ലെസി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നടൻ, ഛായാഗ്രഹകൻ തുടങ്ങിയ പുരസ്‌കാരങ്ങൾ ആടുജീവിതത്തിന് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
ഈ പുരസ്‌കാരങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് ഗോകുലിന് ലഭിച്ച പ്രത്യേക ജൂറി പുരസ്‌കാരമാണ്. മികച്ച പ്രകടനം കാഴ്ചവച്ച ഗോകുലിനെ പരിഗണിച്ചതാണ് ഈ പുരസ്‌കാരങ്ങളിൽ ഏറ്റവും മനോഹരമായിട്ടും സന്തോഷമായിട്ടും തോന്നുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ‘ആടുജീവിതം’ വാരിക്കൂട്ടിയത് ഒമ്പത് പുരസ്‌കാരങ്ങൾ. മികച്ച സംവിധായകൻ- ബ്ലെസി, മികച്ച നടൻ- പൃഥ്വിരാജ്, ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മേക്കപ്പ് ആർട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി, ശബ്ദമിശ്രണം- റസൂൽ പൂക്കുട്ടി, ശരത് മോഹൻ, ഛായാഗ്രഹണം- സുനിൽ കെഎസ് എന്നീ പുരസ്‌കാരങ്ങൾ ആടുജീവിതം നേടിയെടുത്തത്. പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പ്രതികരിച്ചു.
ലഭിച്ച ഓരോ അവാർഡും സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കുമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ബ്ലെസി ചേട്ടന് ലഭിച്ച അംഗീകാരത്തിനാണ് ഞാൻ ഏറ്റവും സന്തോഷിക്കുന്നത്. പടം തീയേറ്ററിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ചിത്രത്തിന് നൽകിയ സ്‌നേഹമാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഇപ്പോൾ ഇങ്ങനെ അംഗീകാരങ്ങൾ തേടിയെത്തുമ്പോൾ വലിയ സന്തോഷം. എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.
എല്ലാ സിനിമയ്ക്ക് പിന്നിലും വലിയ പരിശ്രമം വേണം. എന്നെ സംബന്ധിച്ച് ആടുജീവിതത്തിന് പരിശ്രമം കൂടുതൽ വേണ്ടിവന്നു. ആ പരിശ്രമത്തിന് ഇങ്ങനെയൊരു അംഗീകാരം ലഭിക്കുമ്പോൾ വലിയ സന്തോഷം. 2008 – 2009കാലത്ത് ഒരുപാടാളുകൾ അസാദ്ധ്യമെന്ന് പറഞ്ഞ കാര്യമാണ് ആടുജീവിതം. ആ സ്വപ്നം യാഥാർത്ഥ്യമാക്കിയ ആളാണ് ബ്ലെസി ചേട്ടൻ.
അദ്ദേഹത്തിനാണ് ഏറ്റവും വലിയ അംഗീകാരം കൊടുക്കേണ്ടത്. അദ്ദേഹത്തിന്റെ സിംഗിൾ മൈൻഡഡ് ഫോക്കസാണ് ഈ ചിത്രം സാക്ഷാത്കരിക്കാൻ ഏറ്റവും വലിയ കാരണം. ബ്ലെസി ചേട്ടൻ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പതിനാറ് വർഷം മാറ്റിവച്ചില്ലായിരുന്നെങ്കിൽ ആടുജീവിതത്തിനെപ്പറ്റി നമ്മളാരും ഇന്ന് സംസാരിക്കില്ലായിരുന്നു.’ പൃഥ്വിരാജ് പറഞ്ഞു.