ചണ്ഡീഗഡ്: ഐഎസ്എല്ലില്‍ കോച്ച് ഇവാന്‍ വുകോമനോവിച്ചും ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും ഇല്ലാതെ ഇറങ്ങിയിട്ടും പഞ്ചാബ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ജയത്തോടെ 10 കളികളില്‍ 20 പോയന്‍റുമായി എഫ് സി ഗോവക്കൊപ്പമെത്തിയെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഗോവതന്നെയാണ് തലപ്പത്ത്. ബ്ലാസ്റ്റേഴ്സിനെക്കാള്‍ രണ്ട് മത്സരം കുറച്ചു കളിച്ചതിന്‍റെ ആനുകൂല്യലവും ഗോവക്കുണ്ട്.
പഞ്ചാബിനെതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ദിമിത്രിയോസ് ഡയമന്‍റക്കോസ് പെനല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ തുടര്‍ച്ചയായി ആക്രമിച്ചു കളിച്ചങ്കിലും അവസരങ്ങള്‍ തുറന്നെടുക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ അഭാവം കൃത്യമായി നിഴലിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലെ പെനല്‍റ്റി ഗോളിലൂടെ മുന്നിലെത്തിയതോടെ ബ്ലാസ്റ്റേഴ്സ് തുടര്‍ ആക്രമണങ്ങളുമായി പഞ്ചാബ് ഗോള്‍മുഖം വിറപ്പിച്ചു. ഡയമന്റക്കോസും, ക്വാമി പെപ്രയും വിബിന്‍ മോഹനനും കണ്ടറിഞ്ഞ് കളിച്ചതോടെ പഞ്ചാബ് പരിഭ്രാന്തരായി.
51-ാം മിനിറ്റില്‍ ഡയമന്‍റക്കോസ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചതിന് പിന്നാലെ 55-ാം മിനിറ്റില്‍ വിബിന്‍ മോഹനന്‍റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. തൊട്ടു പിന്നാലെ മാര്‍ക്കോ ലെസ്കോവിച്ചിന്‍റെ ഷോട്ടും പോസ്റ്റില്‍ തട്ടി പുറത്തുപോയി. 64-ാം മിനിറ്റില്‍ പ്രീതം കോടാലിന്‍റെ തകര്‍പ്പന്‍ ഷോട്ട് പഞ്ചാബ് ഗോള്‍ കീപ്പര്‍ പാടുപെട്ട് രക്ഷപ്പെടുത്തി.
കളിയുടെ അവസാന പത്തു മിനിറ്റ് സമനില ഗോളിനായി പഞ്ചാബ് കണ്ണും പൂട്ടി ആക്രമിച്ചപ്പോള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധം കുറച്ചെങ്കിലും സമ്മര്‍ദ്ദത്തിലായത്. തുടര്‍ച്ചയായി കോര്‍ണറുകള്‍ നേടിയെടുത്തെങ്കിലും ഗോള്‍ വഴങ്ങാതെ ബ്ലാസ്റ്റേഴ്സ് പിടിച്ചു നിന്നു.
വിലക്ക് മൂലം പുറത്തിരിക്കേണ്ടി വന്ന വുകോമനോവിച്ചിന് പകരം സഹപരിശീലകന്‍ ഫ്രാങ്ക് ഡോവനാണ് ടച്ച് ലൈനില്‍ നിര്‍ദ്ദേശങ്ങളുമായി ബ്ലാസ്റ്റേഴ്സിനെ നയിച്ചത്. നായകന്‍ അഡ്രിയാന്‍ ലൂണ പരിക്കു മൂലമാണ് ഇന്നത്തെ മത്സരത്തില്‍ കളിക്കാതിരുന്നത്. ബ്ലാസ്റ്റേഴ്സിനോട് തോറ്റതോടെ സീസണിലെ ആദ്യ ജയത്തിനായി അരങ്ങേറ്റക്കാരായ പഞ്ചാബിന്‍റെ കാത്തിരിപ്പ് നീളുകയാണ്.