ഒളിച്ചോടി അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപിൽ പ്രതിക്ഷേധക്കടൽ(വീഡിയോകാണാം)
കൊച്ചി:ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊച്ചിയിൽ എത്തിയില്ല. അദ്ദേഹം നേരിട്ട് അഗത്തിയിലേക്ക് പോയതായാണ് വിവരം. യാത്രാ ഷെഡ്യൂൾ പ്രകാരം നെടുമ്പാശ്ശേരി വഴി ലക്ഷദ്വീപിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് അവസാന നിമിഷം റദ്ദാക്കി ദാമൻ ദിയുവിൽ നിന്നും അദ്ദേഹം എയർഫോഴ്സ് പ്രത്യേക വിമാനത്തിൽ അഗത്തിയിലേക്ക് പോകുന്നതായാണ് വിമാനത്താവള അധികൃതർ അറിയിച്ചത്.
അഡ്മിനിസ്ടേറ്ററുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് സേവ് ലക്ഷ്ദ്വീപ് ഫോറം ലക്ഷദ്വീപിൽ കരിദിനം ആചരിക്കുകയാണ്. വീടുകളിൽ കരങ്കൊടി കെട്ടിയും കറുത്ത മാസ്ക് അണിഞ്ഞുമുള്ള പ്രതിഷേധത്തിനെതിരെ പൊലീസ് രംഗത്തെത്തി. കറുത്ത കൊടി നീക്കണമെന്ന് പൊലീസ് വീടുകളിൽ എത്തി ആവശ്യപ്പെട്ടു. കൊടി കെട്ടിയ ദൃശ്യങ്ങളും ശേഖരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വിവിധ ദ്വീപുകളിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ അഡ്മിനിസ്ടേറ്ററെ ബഹിഷ്കരിച്ച് സമാധാനപരമായിട്ടായിരിക്കും പ്രതിഷേധം എന്നാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തവർ അറിയിച്ചത്.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽപട്ടേൽ കൊച്ചിയിൽ എത്തുമെന്ന വിവരത്തെ തുടർന്ന് അദ്ദേഹത്തെ കാണാൻ യുഡിഎഫ് സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഭരണ പരിഷ്ക്കാരങ്ങൾ പിൻവലിക്കുക, യുഡിഎഫ് സംഘത്തിന് സന്ദർശനാനുമതി നൽകുക എന്നീ ആവശ്യങ്ങളാണ് ജനപ്രതിനിധി സംഘം ഉയർത്തുന്നത്. എംപിമാരായ ഹൈബി ഈഡൻ, ടിഎൻ പ്രതാപൻ, എം.എൽ.എ അൻവർ സാദത്ത് എന്നിവരാണ് പ്രഫുൽപട്ടേലിനെ കാണാനെത്തിയത്. എന്നാൽ കൊച്ചി യാത്ര റദ്ദാക്കിയതോടെ യുഡിഎഫ് സംഘത്തിന് അദ്ദേഹത്തെ കാണാനായില്ല. കരിനിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്ന് യുഡിഎഫ് സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ കൊച്ചിയിലിറങ്ങാതെ അഗത്തിയിലേയ്ക്ക് ഒളിച്ചോടിയെന്ന് ടി.എൻ പ്രതാപൻ എം പി ആരോപിച്ചു.
Black protest in lakshadweep#BREAKING #BreakingNews #SaveLakshadweep pic.twitter.com/GfQ3yZXlqS
— breaking kerala (@BreakingKerala) June 14, 2021